ഞാനെന്തിന് രാജിവെക്കണം; വേണ്ടെങ്കില്‍ അവര്‍ പുറത്താക്കി കാണിക്കട്ടെയെന്ന് യശ്വന്ത് സിന്‍ഹ

പാര്‍ട്ടിയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം ചോദിച്ചെങ്കിലും ഇതുവരെയും സമയം അനുവദിച്ചിട്ടില്ല. ഇതാണ് താന്‍ രാഷ്ട്ര മഞ്ച് രൂപീകരിക്കാന്‍ കാരണം
ഞാനെന്തിന് രാജിവെക്കണം; വേണ്ടെങ്കില്‍ അവര്‍ പുറത്താക്കി കാണിക്കട്ടെയെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്നും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ആവശ്യമെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാവുന്നതാണെന്നും വിമത ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.പാര്‍ട്ടിയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം ചോദിച്ചെങ്കിലും ഇതുവരെയും സമയം അനുവദിച്ചിട്ടില്ല. ഇതാണ് താന്‍ രാഷ്ട്ര മഞ്ച് എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കാന്‍ കാരണം. എന്‍.ഡി.എയുടെ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി യോജിക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും മുന്‍ധനമന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി യോജിക്കുന്ന രീതിയിലല്ല ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പഴയ രീതിയില്‍ ആക്കാനാണ് താന്‍ പോരാട്ടം നടത്തുന്നത്. ഇങ്ങനെ നാല് വര്‍ഷം താന്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് രാഷ്ട്ര മഞ്ച് എന്ന കൂട്ടായ്മ. വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും കര്‍ഷകരും ഉള്‍പ്പെട്ട ബൃഹത്തായ കൂട്ടായ്മയാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

മോദി സര്‍ക്കാരിന്റെ വിവിധ നിലപാടുകളെ തുറന്ന് എതിര്‍ത്തിട്ടുള്ള സിന്‍ഹ, താന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഭയക്കുന്നില്ലെന്നും അങ്ങനെ നടപടിയെടുത്താല്‍ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മറ്റ് പാര്‍ട്ടികളുമായി കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് എല്ലാ കറികളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഉരുളക്കിഴങ്ങിനെ പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളിലും മോദിയെയും ബി.ജെ.പി നേതൃത്വത്തേയും വിമര്‍ശിച്ച് സിന്‍ഹ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com