കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍: ഭീതി പരത്തുന്നവര്‍ക്കെതിരെ അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തും
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2018 10:41 AM |
Last Updated: 07th February 2018 10:41 AM | A+A A- |

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്ന സന്ദേശമയക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായതോടെയാണ് പൊലീസ് നടപടി. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും വ്യാജമാണ്. സംശയത്തിന്റെ പേരിര്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എതിരെയും അതിക്രമങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് ഐജി അറിയിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
ജനമൈത്രി പൊലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.