കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കഥകളിയില്‍ തെക്കന്‍ ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായാണ് മടവൂരിനെ അറിയപ്പെടുന്നത്
കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം :പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89) അന്തരിച്ചു. കൊല്ലം അഞ്ചലിലെ മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ, ചൊവ്വാഴ്ച രാത്രി 10.40 ഓടെയായിരുന്നു അന്ത്യം. രാവണ വിജയം കഥകളിയില്‍ രാവണ വേഷം ആടിക്കൊണ്ടിരിക്കെയായിരുന്നു വേദിയില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഥകളിയില്‍ തെക്കന്‍ ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായാണ് മടവൂരിനെ അറിയപ്പെടുന്നത്. മനോധര്‍മ്മ പ്രയോഗങ്ങളിലൂടെ ആസ്വാദക മനസ്സില്‍ ഇടം നേടിയ ആചാര്യനാണ് മടവൂര്‍. പച്ച, കത്തി, മിനുക്ക്, താടി തുടങ്ങി കഥകളിയിലെ എല്ലാ വേഷങ്ങള്‍ക്കും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 

കഴിഞ്ഞ 25 വര്‍ഷമായി എല്ലാക്കൊല്ലവും അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്ത്രതില്‍ കഥകളി അവതരിപ്പിക്കാന്‍ മടവൂര്‍ എത്തുമായിരുന്നു. ഇഷ്ടദേവന് മുന്നില്‍ അവസാനവേഷമാടിയാണ് കഥകളിയിലെ ആചാര്യന്‍ അരങ്ങൊഴിഞ്ഞത്. ഇത്തവണ രാവണനാണ്. എല്ലാവരും കാണാന്‍ വരണമെന്ന്, കഥകളിക്ക് മുമ്പേ മടവൂര്‍ പരിചയക്കാരോട് ആവശ്യപ്പെട്ടിരുന്നു. 

1929 ല്‍ മടവൂര്‍ കരോട്ട് വീട്ടില്‍ രാമചന്ദ്രക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനായാണ് മടവൂര്‍ വാസുദേവന്‍ നായരുടെ ജനനം. പന്ത്രണ്ടാം വയസ്സുമുതല്‍ മടവൂര്‍ പരമേശ്വരന്‍പിള്ളയുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു തുടങ്ങി. കഥകളിയില്‍ പുരാണബോധം, മനോധര്‍മ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കല്‍പ്പം തുടങ്ങിയവ മടവൂരിന്റെ മികച്ച വേഷങ്ങളായിരുന്നു. 

കേരളകലാമണ്ഡലം പുരസ്‌കാരം, തുളസീവനം പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 'രംഗകുലപതി' പുരസ്‌കാരം, കലാദര്‍പ്പണ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്‌കാരിക സമിതി പുരസ്‌കാരം, 1997ല്‍ കേരള ഗവര്‍ണറില്‍ നിന്നും വീരശൃംഖല തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മഭൂഷണ്‍ ആദരിച്ചിട്ടുണ്ട്. സാവിത്രി അമ്മയാണ് ഭാര്യ. മധു, മിനി, ഗംഗ തമ്പി എന്നിവരാണ് മക്കള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com