ദിലീപിന് തിരിച്ചടി ; ദൃശ്യങ്ങള്‍ നല്‍കണമെന്ന ഹര്‍ജി തള്ളി ; വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

ദിലീപിന് തിരിച്ചടി ; ദൃശ്യങ്ങള്‍ നല്‍കണമെന്ന ഹര്‍ജി തള്ളി ; വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി

കൊച്ചി : നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി. കേസിലെ വിചാരണയ്ക്ക് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തു. 

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച അങ്കമാലി കോടതി ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു. ദിലീപ് സിനിമാ രംഗത്തെ ഉന്നതനായ വ്യക്തിയാണെന്നും, ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് പുറത്തുപോകാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടൊപ്പം എല്ലാ രേഖകളും വിട്ടുനല്‍കണമെന്ന ദീലീപിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി കോടതി ഉത്തരവിട്ടു. കേസില്‍ വളരെ വേഗത്തില്‍ വിചാരണ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ അങ്കമാലി കോടതിയിലെ നടപടികളെല്ലാം കോടതി അവസാനിപ്പിച്ചു. കേസിലെ ഒന്നുമുതല്‍ ഏഴു വരെ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ തുടങ്ങിയ പ്രതികളുടെ റിമാന്‍ഡ് കോടതി നീട്ടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com