ജേക്കബ് തോമസിന് പരിരക്ഷയില്ല; നടപടി അഴിമതിക്കെതിരെ പ്രതികരിച്ചതിനല്ലെന്ന് സര്‍ക്കാര്‍

ജേക്കബ് തോമസ് അഴിമതിക്കെതിരായ വിസില്‍ ബ്ലോവറല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഴിമതി നിയമനനിരോധന പ്രകാരമുള്ള പ്രത്യേക സംരക്ഷണം നല്‍കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
ജേക്കബ് തോമസിന് പരിരക്ഷയില്ല; നടപടി അഴിമതിക്കെതിരെ പ്രതികരിച്ചതിനല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതിക്കെതിരായ വിസില്‍ ബ്ലോവറല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഴിമതി നിയമനനിരോധന പ്രകാരമുള്ള പ്രത്യേക സംരക്ഷണം നല്‍കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമക്കേടിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെയുളള വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരമുള്ള പരിരക്ഷ ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

സര്‍ക്കാര്‍ നേരത്തെ തന്നെ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. സര്‍ക്കാരിനെതിരെ സമീപകാലത്ത് വ്യത്യസ്ത തരത്തില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഓഖി ഫണ്ടിലെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളെയും പരിഹസിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പാഠം ഒന്ന്  എന്നിങ്ങനെ അധ്യായങ്ങള്‍ നല്‍കിയാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നതും ശ്രദ്ധേയമായിരുന്നു.  ഇതെല്ലാം സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ കണ്ടത്. തുടര്‍ന്നാണ് തനിക്ക് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 


എന്നാല്‍ ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക സാധാരണക്കാര്‍ക്ക് മാത്രമാണ്. ജേക്കബ് തോമസിന്റെ നടപടി ഔദ്യോഗിക കൃത്യനിര്‍വഹണമായി മാത്രമെ കാണാനാവു. ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത് അഴിമതിക്കെതിരെ നിലപാട് എടുത്തത് കൊണ്ടല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com