പൈറസി സൈറ്റുകള്‍ വീണ്ടും സജീവം: ആദിയടക്കമുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 08th February 2018 11:08 AM  |  

Last Updated: 08th February 2018 11:08 AM  |   A+A-   |  

aadhi mmnn,nm

തിരുവനന്തപുരം: കേരള പൊലീസിന്റെ നിരോധനം മറികടന്ന് സംസ്ഥാനത്ത് പൈറസി സൈറ്റുകള്‍ വീണ്ടും സജീവം. അടുത്തിടെ റിലീസായ ആദിയും മാസ്റ്റര്‍പീസും അടക്കം പത്തിലേറെ മലയാള ചിത്രങ്ങള്‍ തമിള്‍റോക്കേഴ്‌സ് എന്ന സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐപി അഡ്രസ് ഉപയോഗിച്ചാണ് സൈറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകള്‍ പ്രതിമാസം നേടുന്നത് ലക്ഷക്കണക്കിനു രൂപയുടെ പരസ്യവരുമാനമാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ആദി തിയേറ്ററിലോടുമ്പോള്‍ തന്നെ പൈറസി സൈറ്റിലും വന്നു കഴിഞ്ഞു. തമിള്‍റോക്കേഴ്‌സ് എന്ന സൈറ്റില്‍ അറുപതിനായിരം പേരാണ് രണ്ട് ദിവസം കൊണ്ട് ആദി കണ്ടത്. ഏറ്റവും പ്രധാനപ്പെട്ട പൈറസി സൈറ്റാണ് തമിഴ് ഹാക്കേഴ്‌സ്. ഈ സൈറ്റ് കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പൂര്‍വാധികം സജീവമായി അതു തിരിച്ചെത്തിയിരിക്കുകയാണ്.

തമിള്‍റോക്കേഴ്‌സ് ഡോട്ട് കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐപി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്‍ഡില്‍ നിന്നുള്ള എന്‍ഫോഴ്‌സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്. മായാനദി, മാസ്റ്റര്‍പീസ്, ക്വീന്‍ തുടങ്ങി തമിഴും ഹിന്ദിയുമൊക്കെയായി അമ്പതിലേറെ പുതുചിത്രങ്ങള്‍ ഇപ്പോള്‍ സൈറ്റിലുണ്ട്. പലതും സൈറ്റിലെത്തി ദിവസങ്ങളായിട്ടും ഡിലീറ്റ് ചെയ്യാനും സാധിച്ചിട്ടില്ല. 

ഇത്തരത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ച് ഒരു മാസം 18 ലക്ഷം രൂപയാണ് ഈ സൈറ്റ് മാത്രം വരുമാനം നേടുന്നത്. നിര്‍മാതാവിനു പോലും ലഭിക്കാത്ത ലാഭമാണ് ഒന്നും രണ്ടും ദിവസം കൊണ്ട് പൈറസി സൈറ്റുകള്‍ നേടുന്നത്. ഇവയ്ക്കു തടയിടണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇടപെടണമെന്നാണ് പൊലീസിന്റെയും സൈബര്‍ വിദഗ്ധരുടെയും നിലപാട്.