വളഞ്ഞിട്ട് ആക്രമിക്കാമെന്ന് വിചാരിക്കേണ്ട ; എം എം മണിക്കെതിരെയുള്ള നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ കെ ശിവരാമന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 11:08 AM  |  

Last Updated: 08th February 2018 11:08 AM  |   A+A-   |  

 

ഇടുക്കി : സിപിഐയെ ഒറ്റുകാരെന്നും കാര്യസാധ്യത്തിന് പണം വാങ്ങുന്നവരെന്നും അധിക്ഷേപിച്ച മന്ത്രി എം എം മണിക്കെതിരെയുള്ള നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഐ. എംഎം മണിയുടെ നിലപാടാണോ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു. സിപിഐയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ല. 

സിപിഎം മേലാളന്‍മാരല്ല, മുന്നണി സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ മുന്നോട്ടുപോകണം. മന്ത്രി മണിക്കെതിരെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും കെകെ ശിവരാമന്‍ ആവര്‍ത്തിച്ചു.

ജനങ്ങളെ ബാധിക്കുന്ന പട്ടയം, കയ്യേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐ നിലപാടില്‍ മാറ്റമില്ല. സിപിഐ സ്വീകരിക്കുന്ന ശരിയായ നിലപാട് മുന്നണിയിലെ ചിലരെ പ്രകോപിതരാക്കുന്നുണ്ട്. അതിനാല്‍ തന്നെ കള്ളക്കഥകള്‍ പറഞ്ഞും പ്രചരിപ്പിച്ചും സിപിഐയെ തകര്‍ക്കാനുള്ള ശ്രമം അവര്‍ നടത്തുകയാണ്. നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കെ കെ ശിവരാമന്‍ അറിയിച്ചു.