"അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു" ; പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2018 02:53 PM |
Last Updated: 09th February 2018 02:56 PM | A+A A- |

കൊച്ചി : പാറ്റൂര്‍ കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് വിധിന്യായത്തില്‍ രൂക്ഷ വിമര്‍ശനം. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജേക്കബ് തോമസ് അച്ചടക്കം പാലിക്കുന്നില്ല. അദ്ദേഹത്തിന് ഡിജിപി ആയിരിക്കാന്‍ യോഗ്യതയുണ്ടോ എന്നും കോടതി ചോദിച്ചു.
ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചു. കോടതി നടപടിക്കെതിരെ ജേക്കബ് തോമസ് സാമൂഹമാധ്യമങ്ങളിലൂടെ അടക്കം പ്രതികരിക്കുകയാണ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഇപ്പോഴും പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യം നിലനില്‍ക്കുന്നു. എന്നാല്‍ തല്‍ക്കാലം നടപടി എടുക്കുന്നില്ലെന്നും വിധി പ്രസ്താവിച്ച ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി.
കേസിലെ മൂന്നാം പ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഇ കെ ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പാറ്റൂര്‍ കേസ് റദ്ദാക്കി. കേസിന്റെ എഫ്‌ഐആറും വിജിലന്‍സ് കേസും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, ആര്‍ടെക് എംഡി അശോക് അടക്കം അഞ്ചു പ്രതികളും കുറ്റവിമുക്തരായി.