11 മാസമായ കുഞ്ഞിനെ കടവരാന്തയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു: യുവതിയും കാമുകനും പിടിയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 09th February 2018 08:24 AM |
Last Updated: 09th February 2018 08:24 AM | A+A A- |
കാഞ്ഞിരക്കുളം: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യകുമ്പാരത്തില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മാതാവിനെ പൊലീസ് നിന്തുടര്‍ന്ന് പിടികൂടി. പുതിയതുറ പിഎം ഹൗസില്‍ റോസ്‌മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്‌സിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി.
ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 22ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ യുവതി സജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് വിദേശത്തുനിന്നും നാട്ടിലെത്തിയെങ്കിലും യുവതി കൂടെ പോകാന്‍ തയ്യാറായില്ല.
അതേസമയം യുവതിയും കാമുകനും ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ നെയ്യാറ്റിന്‍കരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. ഇവിടെ മാലിന്യംപുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വൈകീട്ടോടെ ഇവര്‍ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.
രാത്രിയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ പരിപാടി. പിടിയിലായ സജന്‍ പൂവാര്‍, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്‌റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലായിട്ടുണ്ട്. 2നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഹരികുമാറിന്റെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം എസ്.ഐ. പ്രതാപ്ചന്ദ്രന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വില്‍സ്, വിഷ്ണു, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്.