നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികള്‍; ഹസന് മറുപടിയുമായി ശാരദക്കുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2018 03:03 PM |
Last Updated: 11th February 2018 03:03 PM | A+A A- |

കൊച്ചി: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനേയും കവയത്രികളേയും അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. വീട്ടമ്മയോ വീട്ടടിമയോ ആകട്ടെ, കൂടെയുള്ളത് ഒരു യോഗ്യത അല്ലാത്തതുപോലെ തന്നെ കൂടെയില്ലാത്തത് ഒരു അയോഗ്യതയുമല്ല. എഴുത്തുകാരികള്‍ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങള്‍ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാര്‍ക്കു കൂടി വേണ്ടിയാണെന്നും ശാരദക്കുട്ടി പറഞ്ഞു.
പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികള്‍. അവരെ അംഗീകരിക്കുക എന്നാല്‍ ഉപാധികളില്ലാതെ സ്ത്രീത്വത്തെ അംഗീകരിക്കുക തന്നെയാണ്. അതാണ് തോമസ് ഐസക് ചെയ്തത്. അതിന് വീട്ടിലൊരിടമയോ, വീട്ടമ്മയോ ഉണ്ടായിരിക്കണമെന്നില്ല. ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും അല്‍പം കോമണ്‍സെന്‍സും ഉണ്ടായാല്‍ മതി. ശീ ഹസന്‍, വീട്ടിലിരിക്കുന്ന 'അമ്മയും പെങ്ങളും' അപഹസിക്കപ്പെടാനുള്ളതല്ലാത്തതു പോലെ തന്നെ, അവര്‍ വീടു വിട്ടു പോയതിന്റെ പേരില്‍ അവരുടെ പുരുഷനും അപഹസിക്കപ്പെടരുത്. നമ്മുടെയൊന്നും മഹത്വം കൊണ്ടല്ല സഹജീവികള്‍ നമ്മുടെയൊക്കെ കൂടെ കഴിയുന്നതെന്ന് എല്ലാവരും ഒന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍ മാത്രം ഐസക് ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം. സാറാ ജോസഫ്, കെ ആര്‍ മീര, വത്സല, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പഴയതും പുതിയതുമായ എഴുത്തുകാരികളുടെ വരികള്‍ മാത്രമാണ് ബജറ്റില്‍ ഉപയോഗിച്ചത് എന്നും ഹസന്‍ പറഞ്ഞു.
.