ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഉണ്ടാകണം ; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2018 10:01 AM |
Last Updated: 12th February 2018 10:28 AM | A+A A- |

തിരുവനന്തപുരം : മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമീപകാലത്ത് ഇതില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭായോഗത്തിന് മുന്‍പാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സര്‍ക്കാര്‍ തുടക്കത്തില്‍ എടുത്ത തീരുമാനം ആദ്യ വര്‍ഷം വളരെ കൃത്യമായി തന്നെ നടന്നു. എന്നാല്‍ രണ്ടാം വര്‍ഷം മുതല്‍ ഇതില്‍ അലംഭാവം കാണാന്‍ തുടങ്ങി. ഇതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഓര്‍ഡിനന്‍സുകളുടെ കാലാവധി പുതുക്കുക ലക്ഷ്യമിട്ട് വെള്ളിയാഴ്ച വിളിച്ച പ്രത്യേക മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി അടക്കം ആറു മന്ത്രിമാര്‍ മാത്രമാണ് എത്തിയത്. ഇതേതുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ 13 പേരാണ് യോഗത്തിനെത്താതിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന പതിവ് മന്ത്രിസഭായോഗത്തിലാണ്, ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. അപ്പോള്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ സിപിഐ മന്ത്രിമാര്‍ക്ക് വെള്ളിയാഴ്ചത്തെ പ്രത്യേകമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന കാര്യം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ചുമതലയില്‍പ്പെടുത്തി.
അതിനിടെ മറ്റു ചില മന്ത്രിമാരും വെള്ളിയാഴ്ച ചില പരിപാടികള്‍ ഉള്ള കാര്യം അറിയിച്ചു. തുടര്‍ന്ന് ഒഴിവാക്കാനാകാത്ത പരിപാടികള്‍ ഉള്ളവര്‍ ഒഴിച്ച് ബാക്കി മന്ത്രിമാര്‍ വെള്ളിയാഴ്ച യോഗം ചേരാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം മറയാക്കി 13 മന്ത്രിമാരും മന്ത്രിസഭായോഗത്തിന് എത്താതിരിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.
10 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, ഇവയുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.