പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ; കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2018 08:20 AM |
Last Updated: 12th February 2018 08:20 AM | A+A A- |

തിരുവനന്തപുരം : പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുകയാണ് പ്രത്യേക മന്ത്രിസഭായോഗത്തിന്റെ പ്രധാന അജന്‍ഡ. രാവിലെ ഒന്‍പത് മണിക്കാണ് യോഗം.
ഓര്‍ഡിനന്‍സുകള്‍ പുതുക്കുക ലക്ഷ്യമിട്ട് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് യോഗം കൂടാനായിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ ആറുപേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. മൂന്നിലൊന്ന് മന്ത്രിമാര്‍ പങ്കെടുത്താലേ ക്വാറം തികയൂ. ക്വാറം തികയാതെ കൂടുന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തൊട്ടടുത്ത പൂര്‍ണമന്ത്രിസഭായോഗം അംഗീകരിക്കണമെന്നാണ് ചട്ടം.
മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ എത്താതിരുന്നത് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. മന്ത്രിമാരുടെ നടപടിയില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടായിരുന്നു. സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി സമ്മേളനത്തിന് പോയപ്പോള്‍, മറ്റ് ഘടകകക്ഷി മന്ത്രിമാരില്‍ ഭൂരിപക്ഷവും തലസ്ഥാനത്തുണ്ടായിരുന്നില്ല. ബസുടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധന, വിജിലന്‍സ് ഡയറക്ടറായി പുതിയ ആളെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.