വരവില്‍ കവിഞ്ഞ സ്വത്ത്: കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കും, റിപ്പോര്‍ട് ഉടന്‍

വരവില്‍ കവിഞ്ഞ സ്വത്ത്: കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കും, റിപ്പോര്‍ട് ഉടന്‍
വരവില്‍ കവിഞ്ഞ സ്വത്ത്: കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കും, റിപ്പോര്‍ട് ഉടന്‍

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആക്ഷേപത്തില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ്. കേസില്‍ ബാബു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 

കേസ് ബാബു അനധികൃതമായി സ്വത്തു സാമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സ്വത്തിന്റെ കാര്യത്തില്‍ കെ ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണു വിജിലന്‍സ് നിലപാട്.

ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാബുവിന്റെ ബിനാമിയെന്നു വിജിലന്‍സ് ആരോപിച്ച ബാബുറാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണു വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്. 

വീണ്ടും മൊഴിയെടുക്കണമെന്ന് കെ ബാബു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ബാബുവിന്റെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു. മന്ത്രിയും എംഎല്‍എയും ആയിരുന്ന കാലത്തെ ടിഎ,ഡിഎ, മക്കളുടെ വിവാഹ സമയത്തു ലഭിച്ച സമ്മാനങ്ങള്‍ എന്നിവ വരുമാനമായി കണക്കാക്കണമെന്നാണ് ബാബു ആവശ്യപ്പെട്ടത്. ഭാര്യവീട്ടില്‍നിന്നു ലഭിച്ച സ്വത്തും മറ്റും വരുമാന സ്രോതസ്സായി കാണണമെന്നും ബാബു വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ഈ അവകാശവാദങ്ങള്‍ ഭാഗികമായി മാത്രമേ അംഗീകരിക്കാന്‍ കഴിയൂ എന്നാണ് വിജിലന്‍സ് നിലപാട്. അതുകൊണ്ടുതന്നെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കണ്ടെത്തല്‍ നിലനില്‍ക്കുമെന്ന് വിജന്‍സ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com