വീണ്ടും രാഷ്ട്രീയ കൊലപാതകം, കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; ജില്ലയിൽ ഹർത്താൽ

വീണ്ടും രാഷ്ട്രീയ കൊലപാതകം, കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; ജില്ലയിൽ ഹർത്താൽ

മട്ടന്നൂര്‍ ബ്ലോക്ക്  കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാണ് വെട്ടേറ്റ് മരിച്ചത്.  കൊലപാതകത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂർ ജില്ലയിലെ എടയന്നൂരിനടുത്ത് തെരൂരില്‍  യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക്  കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാണ് വെട്ടേറ്റ് മരിച്ചത്. 30 വയസ്സായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 

രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ  ഷുഹൈബിനെ കോഴിക്കോടെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 

അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. മട്ടന്നൂർ പൊലീസ് അക്രമികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്. അതേസമയം കൊലപാതകത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു. വാഹനങ്ങളെ ഹർത്താലിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com