തീവ്രവാദ സംഘടനകളെപ്പോലെ കൊല നടത്താന്‍ സിപിഎമ്മിന് കില്ലര്‍ ഗ്രൂപ്പുകള്‍ : വി ഡി സതീശന്‍

ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും
തീവ്രവാദ സംഘടനകളെപ്പോലെ കൊല നടത്താന്‍ സിപിഎമ്മിന് കില്ലര്‍ ഗ്രൂപ്പുകള്‍ : വി ഡി സതീശന്‍

കണ്ണൂര്‍ : തീവ്രവാദ സംഘടനകളിലേതുപോലെ കൊലപാതകം നടത്താന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വിഡി സതീശന്‍ എംഎല്‍എ. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും.  തീവ്രവാദി സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങള്‍ ചെയ്യാറില്ല. മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ഈ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ അദ്ദേഹം തയാറാണോ എന്നു വ്യക്തമാക്കണം. കണ്ണൂരില്‍ പി ജയരാജന്‍ അറിയാതെ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്നും സതീശന്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കലക്ടേറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ശുഹൈബിന്റെ കൊലയാളികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഉപവാസ സമരം രാവിലെ 10നാണ് ആരംഭിച്ചത്. 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റുമരിച്ചത്. തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുകയായിരുന്ന ശുഹൈബിനെ വാനിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റു ചികില്‍സയിലുള്ളവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com