ശുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

സംഭവത്തില്‍ 30 ലേറെ പേരെ ഇതിനകം ചോദ്യം ചെയ്തതായും പൊലീസ്
ശുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 30 ലേറെ പേരെ ഇതിനകം ചോദ്യം ചെയ്തതായും പൊലീസ് വെളിപ്പെടുത്തി. 

ഇരിട്ടി, കാലോട് സ്വദേശികളായ നാല് സിഐടിയുക്കാരുടെ പങ്കാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍ ഇവരിലേക്ക് എത്തിച്ചേരുന്നതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് സൂചന. എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ ശുഹൈബിനെതിരെ കൊല വിളി നടത്തിയ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ റാലിയും കൊലപാതകവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഈ കൊലവിളി പ്രസംഗത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

എസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മട്ടന്നൂര്‍ സ്റ്റേഷനിലെ നാലു പൊലീസുകാരും എസ്പി, ഡിവൈഎസ്പി സ്‌ക്വാഡിലെ അംഗങ്ങളും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശുഹൈബിന്റെ കുടുംബം വ്യക്തമാക്കി. ശുഹൈബിന് നിരന്തരം ഭീഷണി ഉണ്ടായിരുന്നിട്ടും പൊലീസ് അത് അവഗണഇക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റുമരിച്ചത്. തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുകയായിരുന്ന ശുഹൈബിനെ വാനിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റു ചികില്‍സയിലുള്ളവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com