കപ്പല്‍ശാലയിലെ പൊട്ടിത്തെറി അസറ്റിലിന്‍ ചോര്‍ച്ച മൂലം, സുരക്ഷാ പരിശോധനയില്‍ സംശയം

കപ്പലില്‍ അറ്റകുറ്റപ്പണിക്കു മുന്‍പു കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുവെന്ന കപ്പല്‍ശാല അധികൃതരുടെ വാദം വസ്തുതാപരമാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു
കപ്പല്‍ശാലയിലെ പൊട്ടിത്തെറി അസറ്റിലിന്‍ ചോര്‍ച്ച മൂലം, സുരക്ഷാ പരിശോധനയില്‍ സംശയം

കൊച്ചി: കപ്പല്‍ശാലയില്‍ അഞ്ചു പേരുടെ മരണത്തിനു കാരണമായ പൊട്ടിത്തെറിക്കു കാരണമായത് അസറ്റ്‌ലിന്‍ വാതകച്ചോര്‍ച്ച. ഫൊറന്‍സിക് പരിശോധനയിലാണു ഇക്കാര്യം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഗ്യാസ് കട്ടറില്‍നിന്നാണു ചോര്‍ച്ചയുണ്ടായത് എന്നാണ് പരിശോധനയില്‍ വ്യ്ക്തമായത്.


പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കപ്പലില്‍ അറ്റകുറ്റപ്പണിക്കു മുന്‍പു കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുവെന്ന കപ്പല്‍ശാല അധികൃതരുടെ വാദം വസ്തുതാപരമാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ട്യൂബ് സൂക്ഷിച്ചതിലെ അപാകത അപകടത്തിനു കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖയിലുണ്ട്. എന്നാല്‍ രാവിലെ ജോലി തുടങ്ങി ഒരു മണിക്കൂറിനുള്ളിലുണ്ടായ പൊട്ടിത്തെറി, പരിശോധന നടന്നോ എന്നു സംശയിപ്പിക്കുന്നതാണെന്ന് അന്വേഷണം നടത്തുന്ന ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് പറയുന്നു.

ഓക്‌സിജനില്‍ മൂന്നു ശതമാനത്തിലേറെ അസറ്റ്‌ലിന്‍ കലര്‍ന്നാല്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്. അസറ്റ്‌ലിന്‍ കത്തുമ്പോള്‍ വിഷവാതകം ഉല്‍പാദിപ്പിക്കപ്പെടും. തീപ്പൊള്ളലിലാണോ വിഷവാതകം ശ്വസിച്ചാണോ അപകടത്തില്‍ മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ അറിയാനാകൂ. 

പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഫൊറന്‍സിക് വിദഗ്ധര്‍ കപ്പലില്‍ പരിശോധന നടത്തിയത്. ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com