നഴ്സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് ; ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും

വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴുവരെയാണ് പണിമുടക്ക്
നഴ്സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് ; ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും

തിരുവനന്തപുരം : സ്വകാര്യ-സഹകരണ മേഖലയിലെ നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ നേതൃത്വത്തിലാണ് സമരം. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം, ചേര്‍ത്തല കെ.വി.എം. ഹോസ്​പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴുവരെയാണ് പണിമുടക്ക്. നഴ്സുമാരുടെ പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ഇതേ ആവശ്യമുന്നയിച്ച് മരണംവരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന യു.എന്‍.എ. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അര ലക്ഷത്തോളം നഴ്‌സുമാര്‍ വ്യാഴാഴ്ച ചേര്‍ത്തലയിലെ സമരപന്തലിലെത്തും. പണിമുടക്കുന്ന നേഴ്സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. സമരം അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ്  ചേര്‍ത്തല കെവിഎം ആശുപത്രി അധികൃതര്‍. 

അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് നടത്തുന്ന പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി 
ഫയൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ പണമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാര്‍ വാദിക്കുന്നു. നേരത്തെ നഴ്‌സുമാരുടെ സമരം ഹൈക്കോടതി തടഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com