പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാന്‍ കേന്ദ്രമൊരുങ്ങുന്നു

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാനൊരുങ്ങി കേന്ദ്രം - സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാന്‍ കേന്ദ്രമൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ ലോക്‌നാഥ് ബഹ്‌റയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഈ വാദം ഉന്നയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദമായി യോഗത്തില്‍ പ്രതിപാദിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാലുപ്രധാന ക്രിമിനല്‍ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ബഹ്‌റ സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ടത്. സംസ്ഥാനത്തെ വളര്‍ച്ചയും പ്രവര്‍ത്തനവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്പാദിച്ച വിവരങ്ങളും അവതരിപ്പിച്ചു.കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രധാനമന്ത്രി  നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും റിജിജു പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച്്സിമിയും ഇന്ത്യന്‍ മുജാഹിദിന്‍ തുടങ്ങിയ തീവ്രമുസ്ലീം സംഘടനകളും കേന്ദ്രം നിരോധിച്ചിരുന്നു. 
ഏപ്രിലിലോടെ നിരോധന ഉത്തരവ് വന്നേക്കും. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണ് വൈകിക്കുന്നത്. മൂവാറ്റുപുഴയില്‍ 2010 ല്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസ് ഉള്‍പ്പെടെ ഒമ്പതു കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം എന്‍ഐഎക്ക് കണ്ടെത്താനായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com