റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം ;  വര്‍ഗീയ ചേരിതിരിവിന്റെ പേരില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയെന്ന് മുഖ്യമന്ത്രി 

വര്‍ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല
റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം ;  വര്‍ഗീയ ചേരിതിരിവിന്റെ പേരില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം :  പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. വര്‍ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല. വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന തള്ളിയത്. 

സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും കലാപവും ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാന്‍ കഴിയില്ല. അത് മുന്‍കാല അനുഭവങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും ഇതേ നിലപാടാണ് സര്‍ക്കാരിനുള്ളത്. 

വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെയോ അവരുടെ പ്രത്യയശാസ്ത്രത്തെയോ നിരോധനം കൊണ്ട് ഇല്ലാതാക്കാനാവില്ല. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഫലമായാണ് ക്രമസമാധാന പാലനത്തില്‍ കേരളം ഒന്നാമതായി നിലനില്‍ക്കുന്നത്. ഇക്കാര്യം പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണഅ. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ കേരളം ഏറെ മുന്നിലാണ്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ രേഖകളും ഇതാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
 

മധ്യപ്രദേശില്‍ നടന്ന സംസ്ഥാന പൊലീസ് മേധാവിമാരുടെ യോഗത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍റിജിജു മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com