മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്‌കാരിക നായകര്‍ നാടിന്റെ ശാപമെന്ന്  കുമ്മനം 

അവാര്‍ഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കില്‍ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല
മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്‌കാരിക നായകര്‍ നാടിന്റെ ശാപമെന്ന്  കുമ്മനം 

തിരുവനന്തപുരം : മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്‌കാരിക നായകരാണ് നാടിന്റെ ശാപമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  കിലുക്കം നില്‍ക്കുമ്പോള്‍ അവരുടെ സാംസ്‌കാരിക പ്രവര്‍ത്തനവും, പ്രതികരണവും നില്‍ക്കും. അവാര്‍ഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കില്‍ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണ് കേരളത്തില്‍ സാംസ്‌കാരിക നായകരെന്ന് വിളിക്കപ്പെടുന്ന കൊട്ടാരം വിദൂഷകര്‍ പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. 


ഗുജറാത്ത് കലാപ സമയത്ത് ബിജെപിക്കാര്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നെന്ന നുണക്കഥ പ്രചരിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചവര്‍ കോഴിക്കോട്ട് സിപിഎമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിന് നന്ദിയുള്ളതു കൊണ്ടാണ്. തീവണ്ടിയില്‍ ഉണ്ടായ സീറ്റുതര്‍ക്കത്തിന്റെ പേരില്‍ ദില്ലിയില്‍ കൊല്ലപ്പെട്ട ജുനൈദ്ഖാന് പുരസ്‌കാര തുക നല്‍കിയ സാഹിത്യ നായകന്‍ രമിത്തിന്റെയും ശ്യാമപ്രസാദിന്റെയും ശുഹൈബിന്റെയും കണ്ണൂരിലെ കുടുംബങ്ങളെ കാണാന്‍ പോകാത്തത് 'ദൂരക്കൂടുതല്‍' കൊണ്ടാകാനാണ് സാധ്യത. കുമ്മനം ആരോപിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 


മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്‌കാരിക നായകരാണ് ഈ നാടിന്റെ ശാപം. കിലുക്കം നില്‍ക്കുമ്പോള്‍ അവരുടെ സാംസ്‌കാരിക പ്രവര്‍ത്തനവും, പ്രതികരണവും നില്‍ക്കും. അവാര്‍ഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കില്‍ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണ് കേരളത്തില്‍ സാംസ്‌കാരിക നായകരെന്ന് വിളിക്കപ്പെടുന്ന കൊട്ടാരം വിദൂഷകര്‍ പ്രവര്‍ത്തിക്കുന്നത്. മുതലാളിക്ക് വേണ്ടി എത്ര അകലെയുള്ള സംഭവങ്ങളും കഴുകന്‍ കണ്ണുകൊണ്ട് തേടിപ്പിടിച്ച് നുണക്കഥ രചിക്കും. കണ്‍മുമ്പില്‍ അതിക്രമം നടക്കുമ്പോള്‍ ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തലതാഴ്ത്തും.

ഗുജറാത്ത് കലാപ സമയത്ത് ബിജെപിക്കാര്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നെന്ന നുണക്കഥ പ്രചരിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചവര്‍ കോഴിക്കോട്ട് സിപിഎമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിന് നന്ദിയുള്ളതു കൊണ്ടാണ്. തീവണ്ടിയില്‍ ഉണ്ടായ സീറ്റുതര്‍ക്കത്തിന്റെ പേരില്‍ ദില്ലിയില്‍ കൊല്ലപ്പെട്ട ജുനൈദ്ഖാന് പുരസ്‌കാര തുക നല്‍കിയ സാഹിത്യ നായകന്‍ രമിത്തിന്റെയും ശ്യാമപ്രസാദിന്റെയും ശുഹൈബിന്റെയും കണ്ണൂരിലെ കുടുംബങ്ങളെ കാണാന്‍ പോകാത്തത് 'ദൂരക്കൂടുതല്‍' കൊണ്ടാകാനാണ് സാധ്യത. ഹിന്ദു ദേവതമാരെ അധിക്ഷേപിക്കുന്നത് കലാകാരന്റെആവിഷ്‌കാര സ്വാതന്ത്ര്യവും പുരോഗമനപരവുമാണ്. എന്നാല്‍ തട്ടമിട്ട് ഫ്‌ലാഷ് മോബ് കളിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും, അതിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും മതസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനാണ് ആസ്ഥാന പട്ടം നല്‍കി ഇവരെ അരിയിട്ട് വാഴിച്ചിരിക്കുന്നത്. സെക്‌സി ദുര്‍ഗ്ഗയെന്ന പേര് സിനിമയ്ക്ക് നല്‍കരുതെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനെ പിന്തിരിപ്പനായി വിശേഷിപ്പിച്ച് സാംസ്‌കാരിക വെട്ടുകിളികള്‍ അവരെ അധിക്ഷേപിച്ച് തുരത്തിയോടിക്കും. എന്നാല്‍ മലയാള സിനിമയിലെ ഒരു പാട്ടിനെതിരെ ഹൈദരാബാദിലുള്ള ആരോ നാലുപേര്‍ പരാതി നല്‍കി പാട്ട് പിന്‍വലിപ്പിക്കുന്നത് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ഇവരുടെ ചുമതലയാണ്.

ഇത് സാംസ്‌കാരിക പ്രവര്‍ത്തനമല്ല, സാംസ്‌കാരിക ഗുണ്ടായിസമാണ്, ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്, ഫാസിസമാണ്. ഇരതേടി വെട്ടുകിളികളേപ്പോലെ പറന്നിറങ്ങേണ്ടവരല്ല കലാകാരന്‍മാരും സാംസ്‌കാരിക നായകരും. പരാന്നഭോജികളാകാനും പാടില്ല. നുണപ്രചരണത്തിന് കൂട്ടുനില്‍ക്കുകയും 'ആരോ' തെരഞ്ഞെടുക്കുന്ന പ്രശ്‌നങ്ങളില്‍ മാത്രം ഇടപെടുകയും ചെയ്യുകയല്ല യഥാര്‍ത്ഥ കലാകാരന്റെ ധര്‍മ്മം. അവന്‍ നാടിനെ നേരിന്റെ പാതയില്‍ കൈപിടിച്ചു നടത്താന്‍ ബാധ്യതപ്പെട്ടവനാണ്. എത്ര അപ്രിയമായാലും സത്യം വിളിച്ചു പറയാന്‍ തക്ക നിഷ്പക്ഷ ധീരനുമാകണം കലാകാരന്‍.

'ന്യായാത് പഥം പ്രവിചലന്തി പദം ന ധീരാ:'

'ധീരന്‍മാര്‍ ന്യായത്തിന്റെ പാതയില്‍ നിന്ന് ഒരു പദം പോലും വ്യതിചലിക്കാറില്ല.'

ഭര്‍തൃഹരിയുടെ ഈ ആപ്തവാക്യമാകണം അവരെ നയിക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com