'ഒരാള്‍ ഒരു കാര്യവുമില്ലാതെ നൂറു പുസ്തകങ്ങള്‍ എഴുതുന്നത് പാരിസ്ഥിതിക കുറ്റകൃത്യമാണ്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2018 01:46 PM |
Last Updated: 17th February 2018 01:46 PM | A+A A- |

കോഴിക്കോട്: ബിജെപി നേതാവ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള നൂറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍. ഒരാള്‍ യാതൊരു കാര്യവുമില്ലാതെ നൂറു പുസ്തകങ്ങള്‍ എഴുതുന്നത് ഇക്കാലത്ത് പാരിസ്ഥിതിക കുറ്റകൃത്യമാണെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. ആഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന മേയര്‍ക്കൊ എം പിക്കോ എം എല്‍ എമാര്‍ക്കോ ഇദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേരെങ്കിലും ഓര്‍ത്തെടുക്കാനാവുമോയെന്ന് സിവിക് ച്ന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഒരാള്‍ യാതൊരു കാര്യവുമില്ലാതെ നൂറ് പുസ്തകങ്ങളെഴുതുന്നത് ഇക്കാലത്ത് പാരിസ്ഥിതിക കുറ്റകൃത്യമാണ്. പുസ്തകമെന്നാല്‍ മരങ്ങളാണ്, കാടുകളാണ്. 100 പുസ്തകങ്ങള്‍ക്ക് എത്ര മരങ്ങള്‍ ?എത്ര കാട് ?- സിവിക് കുറിപ്പില്‍ ചോദിക്കുന്നു.
ഈ പാരിസ്ഥിതിക കുറ്റകൃത്യം ആഘോഷിക്കപ്പെടുന്നതും കുറ്റമല്ലാതാവുന്നില്ല. അതിനു വേണ്ടി മാത്രമായി ഉപരാഷ്ട്രപതി പറന്നെത്തുന്നു. നഗരത്തെ ബന്ദിയാക്കുന്നു (ബന്ദിയാക്കപ്പെട്ട നഗരത്തില്‍ നിന്ന് ഈ കുറിപ്പ് .) ആശിര്‍വാദ വേദിയില്‍ തല കുനിച്ചിരിക്കുന്ന മേയര്‍ക്കൊ എം പിക്കോ എം എല്‍ എമാര്‍ക്കോ ഇദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേരെങ്കിലും ഓര്‍ത്തെടുക്കാനാവുമോ ?ഏതെങ്കിലും നാല് വരിയെങ്കിലും നാവിന്‍തുമ്പത്തുണ്ടോ ?
ഈ പടപ്പുറപ്പാട് ചെങ്ങനൂര്‍ ഉപ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ടെന്നെങ്കിലും മനസിലാക്കാന്‍ കഴിയാത്ത വിധം രാഷ്ടീയ നിരക്ഷരരോ സംഘിയേതര രാഷ്ടീയ / സാംസ്‌കാരിക ശിങ്കങ്ങള്‍?- സിവിക് ചന്ദ്രന്‍ ചോദിക്കുന്നു.