ഷുഹൈബിന്റെ കൊലപാതകം: പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2018 05:52 PM |
Last Updated: 17th February 2018 05:52 PM | A+A A- |

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ, പ്രതികള്‍ക്കായി സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പേരാവൂര്‍, ഇരിട്ടി മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയിലുമാണ് പരിശോധന നടത്തുന്നത്.
എസ്പി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികളെ പറ്റി വ്യക്തമായ സൂചനകളുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങാനിരിക്കെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.