നടിയെ ആക്രമിച്ചിട്ട് ഒരുവര്‍ഷം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ?

കേരളത്തെ ഞെട്ടിച്ച നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്നിട്ട് ഇന്നേക്ക് ഒരുവര്‍ഷം
നടിയെ ആക്രമിച്ചിട്ട് ഒരുവര്‍ഷം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ?

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്നിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2017 ഫെബ്രുവരി 17ന് രാത്രി ഒമ്പതരയോടെ ദേശീയപാതയില്‍ നെടുമ്പാശേരി അത്താണിക്ക് സമീപം കോട്ടായിയില്‍ വച്ചാണ് സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയത്. പള്‍സുനിയെന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടിയെ കളമശ്ശേരി,തൃക്കാക്കര,കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍ ഇവരെ പടമുകളിലുള്ള ,സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. ലാലാണ് പൊലീസിനെ വിവരമറിയിക്കുന്നത്. 

പൊലീസ് മാര്‍ട്ടിനെ ചോദ്യം ചെയ്തതോടെയാണ് സുനില്‍കുമാര്‍ അടക്കമുള്ളവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഒളിവില്‍പ്പോയ സുനില്‍കുമാര്‍ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.

സുനില്‍കുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളിലാണ് കേസില്‍ ദിലീപിന്റെ പങ്ക് തെളിഞ്ഞുവന്നത്. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. കേസില്‍ പതിനൊന്നാം പ്രതിയാക്കി ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച പൊലീസിന് എന്നാല്‍ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ ആദ്യം ഓടയില്‍ കളഞ്ഞുവെന്നുള്ള സുനില്‍കുമാറിന്റെ മൊഴിയെത്തുടര്‍ന്ന് തിരിച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടിയില്ല. വീണ്ടും മൊഴി മാറ്റി പറഞ്ഞ സുനി, ഫോണ്‍ വക്കീലിനെ ഏല്‍പ്പിച്ചെന്നു പറഞ്ഞു. എന്നാല്‍ ഫോണ്‍ നശിപ്പിച്ചതായണ് അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ പൊലീസിന് മൊഴി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടാത്തത് കേസില്‍ പ്രോസിക്യൂഷന്‍ വാദങ്ങളുടെ ശക്തി കുറയുന്നതിന് കാരണമാകും.  

നടിയെ ആക്രമിച്ചതും ദിലീപിന്റെ അറസ്റ്റും മലയാള സിനിമയുടെ ചരിത്രത്തിലെ വഴിത്തിരിവായി. താരസംഘടനയായ അമ്മക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. മലയാള സിനിമയിലെ മാഫിയകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വിമന്‍ ഇന്‍ സിനിമ കളക്ടിവ് എന്ന സിനിമയിലെ പുതിയ വനിത സംഘടന രൂപപ്പെടുന്നതിനുവരെ ഈ സംഭവം വഴിതെളിച്ചു. 

വിചാരണക്കായി അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ് കേസ് ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com