ഹജ്ജ് നയത്തില്‍ ഇളവ്; കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ 

ഹജ്ജ് നയത്തില്‍ ഇളവ് അനുവദിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഹജ്ജ് നയത്തില്‍ ഇളവ്; കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: ഹജ്ജ് നയത്തില്‍ ഇളവ് അനുവദിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കണമെന്നുള്ള കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യമാണ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പുതിയ ഹജ്ജ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 

നാല് തവണ ഹജ്ജിന് പോകാന്‍ അപേക്ഷിക്കുകയും എന്നാല്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

പഴയ ഹജ്ജ് നയപ്രകാരം അറുപത്തി അഞ്ചിനും എഴുപതിനും ഇടയില്‍ പ്രായം ഉള്ളവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നല്‍കിയിരുന്നു. ഈ വ്യവസ്ഥ പുനഃസ്ഥാപിക്കണം എന്ന കേരളഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. 

ന്യൂനപക്ഷമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി രവിചന്ദ്ര ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം തുല്യഅവസരം ലഭിക്കണമെന്നതാണ് പുതിയ ഹജ്ജ് നയമെന്നും കേന്ദ്രം പറയുന്നു. അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യവസ്ഥ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന മുന്‍ഗണന തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം കേരളത്തിന് ഗുണം ചെയ്തതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് മെഹറം നിര്‍ബന്ധമല്ലെന്ന വ്യവസ്ഥയും കേരളത്തിന് ഗുണം ചെയ്തു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com