സഭാ കേസിലെ സുപ്രിം കോടതി വിധി മാനിക്കില്ല, വിശ്വാസത്തിലെ കോടതി ഇടപെടല്‍ മൗലികാവകാശ ലംഘനം: യാക്കോബായ സഭ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2018 10:33 AM |
Last Updated: 19th February 2018 10:33 AM | A+A A- |

കൊച്ചി: സഭാ കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രിം കോടതി വിധി മാനിക്കില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം. വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളില്‍ കോടതികള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഖേദകരമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രതിഷേധപ്രമേയത്തില്‍ പറഞ്ഞു. ഭരണഘടന അംഗീകരിക്കുന്ന മൗലികാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതികള്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രമേയം അത്തരം കല്‍പ്പനകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ സഹോദരസഭകളായി വിഴിപിരിയുകയാണ് ഉചിതമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കൂനന്‍കുരിശില്‍ ആലാത്തുകള്‍ കെട്ടിയ പൂര്‍വികര്‍ അക്കാലത്ത് സ്വീകരിക്കാത്ത വിശ്വാസങ്ങളൊന്നും ഇന്ന് അവരുടെ പിന്‍മുറക്കാര്‍ സ്വീകരിക്കേണ്ടതില്ലെന്ന് പാത്രിയര്‍ക്കീസ് ബാവ വീഡിയോസന്ദേശത്തില്‍ പറഞ്ഞു. 2017 ജൂലൈ മൂന്നിനുശേഷം യാക്കോബായ സഭയ്ക്ക് ചില ദേവാലയങ്ങള്‍ നഷ്ടമായി. ആരാധനാവകാശം നിഷേധിക്കപ്പെട്ടതിനൊപ്പം വിശ്വാസികള്‍ മര്‍ദിക്കപ്പെട്ടുവെന്നത് ഖേദകരമാണ്. ഇന്ത്യയില്‍ സുറിയാനിസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവര്‍ പരസ്പരം സഹവര്‍ത്തിത്വവും സമാധാനവും ആഗ്രഹിക്കുന്നു. എന്നാല്‍, സഭയ്ക്കകത്തെ ഈ അനുരഞ്ജനം നീതിയും അന്തസ്സും ഉള്‍ച്ചേര്‍ന്നാല്‍ മാത്രമേ സാധ്യമാകൂ. യാക്കോബായസഭ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി മെത്രാന്‍സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, സമാധാനശ്രമങ്ങളോട് മറുപക്ഷം പ്രതികരിച്ചില്ല. മെത്രാന്‍സമിതിയെയും നിയോഗിച്ചില്ല. ഈ വിഷയത്തില്‍ മറുപക്ഷം കാട്ടിയ വിമുഖത നിരാശപ്പെടുത്തുന്നതാണ്. ഈ അനാസ്ഥയോടുള്ള പ്രതികരണം ഇനിയും തുടരണം. ദേവാലയങ്ങള്‍ കൈവശപ്പെടുത്താനും വികാരിമാരെ നിയമിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ, അമര്‍ഷം പ്രകടിപ്പിക്കുമ്പോള്‍ അതില്‍നിന്നു വിശ്വാസികളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പാത്രിയാര്‍ക്കീസ് ബാവായുടെ സന്ദേശത്തില്‍ പറഞ്ഞു.
കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന വിശ്വാസപ്രഖ്യാപനസമ്മേളനവും പാത്രിയാര്‍ക്കാദിനാചരണവും ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധിയും ലക്‌സംബര്‍ഗ് ആര്‍ച്ച്ബിഷപ്പുമായ ജോര്‍ജ് ഖൂറി ഉദ്ഘാടനംചെയ്തു. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അധ്യക്ഷനായി.