കുമ്മനത്തിന്റെ വികാസ് യാത്രക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; കണ്‍വെന്‍ഷനുമായി പാര്‍ട്ടി വിട്ടവര്‍

പാര്‍ട്ടി ശക്തിപ്പെടുത്താന്‍ വികാസ് യാത്രയും കഴിഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജില്ല വിട്ടതിന് പിന്നാലെ എറണാകുളം ബിജെപിയില്‍ പൊട്ടിത്തെറി.
കുമ്മനത്തിന്റെ വികാസ് യാത്രക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; കണ്‍വെന്‍ഷനുമായി പാര്‍ട്ടി വിട്ടവര്‍

കൊച്ചി: പാര്‍ട്ടി ശക്തിപ്പെടുത്താന്‍ വികാസ് യാത്രയും കഴിഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജില്ല വിട്ടതിന് പിന്നാലെ എറണാകുളം ബിജെപിയില്‍ പൊട്ടിത്തെറി. പിറവം, കൊച്ചി മണ്ഡലങ്ങളിലാണ് വിഭാഗിയത രൂക്ഷമായിരിക്കുന്നത്. മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് കമ്മിറ്റി പിരിച്ചുവിട്ടത് എന്നാണ്  വിശദീകരണം. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച് ശൈലേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ രാജിവച്ചു.  അനധികൃതപിരിവും ഗുണ്ടായിസവും ആരോപിച്ചാണ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടത്. 

കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദുര്‍ഗാപ്രസാദിനെ പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളില്‍ നിന്ന് നേതാക്കള്‍ രാജിവച്ചിരിക്കുയാണ്. പാര്‍ട്ടി വിട്ടവര്‍ 22ന് ജില്ലാ നേതൃത്വത്തിന് എതിരെ മുളന്തുരുത്തിയില്‍ കണ്‍വെന്‍ഷന്‍ വിളിച്ചിരിക്കുയാണ്.പറ്റുമെങ്കില്‍ തന്നെ പുറത്താക്കാന്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ് സത്യന്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. 

വികാസ് യാത്രയുടെ ഭാഗമായി കുമ്മനം രാജശേഖരന്‍ മോര്‍ച്ച ഭാരവാഹികളുടെ പ്രത്യേക യോഗം വിളിച്ച് സംഘടനയെ ശക്തമാക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പോഷകസംഘടകള്‍ പാര്‍ട്ടി നേതൃത്വത്തിന് എതിരെ തിരിഞ്ഞിരിക്കുന്നത്. 

കൊച്ചി മണ്ഡലത്തിലും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. പാടം നികത്തലുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ കൊച്ചി മണ്ഡലം കമ്മിറ്റി മരവിപ്പിച്ചിരിക്കുയാണ്. മണ്ഡലം പ്രസിന്റ് ഒഴികെയുള്ള ഭാരവാഹികളെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com