ഷുഹൈബ് വധം: പൊലീസില്‍ ചാരനുണ്ടെന്ന പരാതിയുമായി കണ്ണൂര്‍ എസ്പി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 20th February 2018 07:27 AM |
Last Updated: 20th February 2018 07:27 AM | A+A A- |

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ് സംഘത്തെക്കുറിച്ച് പരാതിയുമായി കണ്ണൂര്‍ എസ്.പി.ജി. ശിവവിക്രം. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന്അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ശിവവിക്രം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ പരാതിപ്പെട്ടതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയ്ഡുപോലെ അതീവ രഹസ്യമായി മാത്രം ചെയ്യേണ്ട കാര്യങ്ങള്‍പോലും പുറത്തുപോകുന്നു. അന്വേഷണ വിവരങ്ങള്‍ ഇങ്ങനെ ചോരുന്നത് പ്രതികളെ പിടിക്കുന്നതിന് തടസ്സമാകുന്നുവെന്നും ശിവവിക്രം ആരോപിച്ചു. ഡി.ജി.പി. ലോകനാഥ് ബെഹ്‌റ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി. മഹിപാല്‍ യാദവ് എന്നിവരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു.
എസ്.പിയുടെ പരാതിയെത്തുടര്‍ന്ന് ബെഹ്‌റ പ്രശ്‌നത്തില്‍ ഇടപെട്ടു. നേത്രരോഗത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന െബഹ്‌റ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഈ ജോലിക്ക് പറ്റിയവരല്ല. പോലീസിനകത്തുനിന്നുതന്നെ പോലീസിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കി.
പോലീസില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന വിവരം എസ്.പി.ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആവശ്യമെങ്കില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്.
പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഐ.ജി. മഹിപാല്‍ യാദവിന്റെ നേതൃത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതി ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാന്‍ വിലയിരുത്തും. പോലീസ് അന്വേഷണത്തെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച രാജേഷ് ദിവാന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണെന്ന് വിശദീകരിച്ചത്.
പോലീസ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് വിശ്വാസമെന്ന് ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ കണ്ണൂരില്‍ പറഞ്ഞു. അങ്ങനെ വിവരം ചോര്‍ത്തുന്ന പോലീസുകാരുണ്ടെങ്കില്‍ അവര്‍ക്ക് മാപ്പില്ല. കര്‍ശന നടപടിയുണ്ടാകും. ഒരുമിച്ച് പോലീസുകാര്‍ പോകുമ്പോള്‍ പ്രതികളെ സഹായിക്കുന്നവര്‍ വിവരം നല്‍കുമെന്നത് സ്വാഭാവികമാണ്. അക്കൂട്ടത്തില്‍ പോലീസുകാരുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് കണ്ണൂര്‍ എസ്.പി. ശിവവിക്രം പറഞ്ഞു.