സിപിഎം ഭീകരസംഘടനയായി മാറി ; അന്വേഷണ സംഘത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2018 10:19 AM |
Last Updated: 20th February 2018 10:19 AM | A+A A- |

കോഴിക്കോട് : സിപിഎം ഭീകരസംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് വധം ഇതിനു തെളിവാണ്. ഷുഹൈബ് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനക്കാരെ കണ്ടെത്തണം. ഷുഹൈബ് കൊലപാതകത്തിന് പിന്നിലെ പ്രതികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തണമെന്നും ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. അന്വേഷണവിവരങ്ങള്‍ ചോരുന്നുവെന്ന് കണ്ണൂര്‍ എസ്പി പോലും പറയുന്നു. കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകാന്‍ തയ്യാറെടുത്തിരിക്കുന്ന റേഞ്ച് ഐജി മഹിപാല്‍ യാദവിനെ അന്വേഷണം ഏല്‍പ്പിച്ചത് എന്തിനെന്ന് അറിയില്ല. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊലീസിലെ ചാരന്മാര്‍ അന്വേഷണം അട്ടിമറിക്കുന്നെന്ന് എസ്പി പറയുന്നു. അതേസമയം അന്വേഷണം ശരിയായ ദിശയിലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഷുഹൈബിനെ കൊന്നത് സിപിഎം വലിയ വിഷയമാക്കിയെന്നാണ് സിപിഎം ആരോപിക്കുന്നത്. അക്രമസംഭവങ്ങളില്‍ മുഴുകുന്ന സിപിഎമ്മിന് ഈ കൊലപാതകം സാധാരണ സംഭവം പോലെയാകും തോന്നുകയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.