ആക്രമണം നടത്തിയത് സിപിഎമ്മല്ല; കെഎസ്‌യു സംസ്ഥാന സംഗമം അലങ്കോലമാക്കിയത് കെഎസ്‌യുക്കാര്‍ തന്നെയെന്ന് സൂചന 

ആലപ്പുഴയില്‍ നടന്ന കെഎസ് യു സംസ്ഥാന സംഗനം അലങ്കോലപ്പെടുത്തിയത് കെഎസ് യുക്കാരുടെ തമ്മില്‍ തല്ലെന്ന് സൂചന
ആക്രമണം നടത്തിയത് സിപിഎമ്മല്ല; കെഎസ്‌യു സംസ്ഥാന സംഗമം അലങ്കോലമാക്കിയത് കെഎസ്‌യുക്കാര്‍ തന്നെയെന്ന് സൂചന 

ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന കെഎസ് യു സംസ്ഥാന സംഗനം അലങ്കോലപ്പെടുത്തിയത് കെഎസ് യുക്കാരുടെ തമ്മില്‍ തല്ലെന്ന് സൂചന. സമ്മേളനം അലങ്കോലപ്പെടുത്തി ആക്രമണം അഴിച്ചുവിട്ടത് സിപിഎം ആയിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. എന്നാല്‍ സമ്മേളനത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ കാണിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് തമ്മില്‍ തല്ലിയത് എന്നാണ്. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവ് നല്‍കിയിരിക്കുന്നത്. അടി നടന്ന സമയത്ത് ലൈവ് ഓഫാക്കാതിരുന്നത് പ്രശ്‌നം മുഴുവന്‍ സാമൂഹ്യമാധ്യമത്തില്‍ ലൈവായി കാണാനിടയായി. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. ചെന്നിത്തലയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. എന്‍എസ്‌യു ദേശീയ പ്രസിഡന്റ് ഫിറോസ് ഖാനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് സമ്മേളനത്തെ അഭിവാദ്യം ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഗ്രൗണ്ടിന്റെ പിന്നില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കെഎസ്‌യു പ്രവര്‍ത്തകര്‍ കൂട്ടമായി ഇറങ്ങി ഓടുകയായിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി ആര്‍ക്കും മനസ്സിലാകുന്നില്ല. ആരും ഓടരുതെന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും നേതാക്കള്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം. ഗ്രൗണ്ടിലെ ലൈറ്റുകള്‍ തെളിക്കാനും പെണ്‍കുട്ടികള്‍ സ്‌റ്റേജിന്റെ മുന്‍വശത്തേക്ക് നീങ്ങി നില്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. 

ഇതിനിടെ ഏതാനും പ്രവര്‍ത്തകര്‍ സ്‌റ്റേജിലേക്ക് ചാടിക്കയറുകയും ചെയ്തു. പിന്നെ ഇവരെ താഴെയിറക്കാനായി നേതാക്കളുടെ ധൃതി. പെണ്‍കുട്ടികളല്ലാത്തവര്‍ സ്‌റ്റേജില്‍ നിന്നുമിറങ്ങണമെന്നായിരുന്നു ആവശ്യം. സംസ്ഥാന സംഗമം അലങ്കോലമായിപ്പോയതിന്റെ മാനക്കേടിലാണ് കോണ്‍ഗ്രസും കെഎസ്‌യുവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com