സമാധാനയോഗങ്ങള്‍ കബളിപ്പിക്കല്‍ ; നടക്കുന്നത് ജനകീയ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുള്ള നാടകമെന്ന് മുസ്ലിം ലീഗ്

പ്രശ്‌നത്തില്‍ തീരുമാനം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രിയാണ് സമാധാനയോഗം വിളിക്കേണ്ടിയിരുന്നതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്
സമാധാനയോഗങ്ങള്‍ കബളിപ്പിക്കല്‍ ; നടക്കുന്നത് ജനകീയ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുള്ള നാടകമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട് :  കണ്ണൂരില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി സമാധാനയോഗം കബളിപ്പിക്കലെന്ന് മുസ്ലിം ലീഗ്. യോഗങ്ങള്‍ ചേര്‍ന്ന ശേഷവും കൊലപാതകങ്ങള്‍ തുടരുകയാണ്. സര്‍വകക്ഷിയോഗം എന്നു പറയുന്നത് തന്നെ ആളുകളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.  പ്രശ്‌നത്തില്‍ തീരുമാനം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രിയാണ് സമാധാനയോഗം വിളിക്കേണ്ടിയിരുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. 

ഷുഹൈബ് വധത്തില്‍ പിടിക്കപ്പെട്ടത് യഥാര്‍ത്ഥ പ്രതികളാണെന്ന് ആര്‍ക്കും വിശ്വാസമില്ല. ജനകീയ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിനോട് സഹകരിക്കും. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ചെയ്തികളോട് യോജിക്കാന്‍ കഴിയില്ല. സമരപരിപാടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും മജീദ് വ്യക്തമാക്കി. 

അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചയാണെങ്കില്‍ സഹകരിക്കാം. അല്ലാതെ കാട്ടികൂട്ടലാണെങ്കില്‍ അതിനോട് സഹകരിക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ലീഗിനുള്ളത്. എന്നാല്‍ യുഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും കെപിഎ മജീദ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com