ഞങ്ങള്‍ക്കും ജീവിക്കണം; സിപിഎം കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ ചെയ്യുന്നത് ബൃന്ദാ കാരാട്ട് അറിയുന്നുണ്ടോ?; കെ.കെ രമയുടെ സമരം ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2018 10:59 AM |
Last Updated: 21st February 2018 11:14 AM | A+A A- |

ന്യൂഡല്‍ഹി: അക്രമ രാഷ്ട്രീയത്തിനെതിരെ ആര്‍എംപിഐ നേതാവ് കെ.കെ രമ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് മുന്നില്‍ നടത്തുന്ന സമരം ആരംഭിച്ചു. തെരുവില്‍ ചോര കൊണ്ടുകളിക്കുന്ന കളി സിപിഎം അവസാനിപ്പിക്കും വരെ പോരാടും എന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 2008മുതല്‍ ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരേയും അവരുടെ വീടുകള്‍ക്ക് നേരേയും സിപിഎം കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത് എന്നും രമ ആരോപിച്ചു.
ഫാസിസത്തിനെതിരെ പോരാടുന്ന സിപിഎം നേതൃത്വം ഇതെല്ലാം അറിയുന്നുണ്ടോ? ഞങ്ങള്‍ക്കും കേരളത്തില്‍ ജീവിക്കണം. കേരളത്തിലെ സിപിഎം അക്രമ രാഷ്ട്രീയത്തിനെ തള്ളിപ്പറയാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവണമെന്നും രമ പറഞ്ഞു.
യെച്ചൂരിയും ബൃന്ദാ കാരാട്ടും കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അറിയുന്നുണ്ടോയെന്നും രമ ചോദിച്ചു. സമരം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്നും തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒഞ്ചിയത്ത് ആര്‍എംപിഐ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് കെ.കെ രമ യുഡിഎഫിനൊപ്പം ചേര്‍ന്ന് സിപിഎമ്മിന് എതിരെ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ രമയ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.