ഷുഹൈബ് വധം: ക്വട്ടേഷന്‍ നല്‍കിയ പ്രാദേശിക നേതാക്കളെപ്പറ്റി വിവരം ലഭിച്ചു; ആക്രമണം പാര്‍ട്ടിക്കേറ്റ മാനക്കേടിന് പകരംവീട്ടല്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 21st February 2018 07:29 AM |
Last Updated: 21st February 2018 07:29 AM | A+A A- |

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ വധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന. ഷുഹൈബിനെ ആക്രമിക്കാന്‍ ചില പ്രാദേശിക നേതാക്കള്‍ നിര്‍ദേശം നല്‍കിയതായും കൃത്യം ചെയ്യാന്‍ സൗകര്യമൊരുക്കി കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.
പാര്‍ട്ടി ഇടപെടലിന് ശേഷമാണ് അഞ്ചംഗ കൊലപാതക സംഘം രൂപപ്പെട്ടത് എന്നാണ് പപൊലീസ് കരുതുന്നത്. ഷുഹൈബിന്റെ കാലു വെട്ടാന്‍ ഏല്‍പ്പിച്ച ചുമട്ടു തൊഴിലാളി ഉള്‍പ്പെട്ട ആകാശിന്റെ മൂവര്‍ സംഘത്തിന് ഷുഹൈബിനെ പരിചയമില്ലാത്തതിനാല്‍ മട്ടന്നൂര്‍,എടയന്നൂര്‍ സ്വദേശികളായ രണ്ടുപേരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി.
സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സിപിഎം പ്രാദേശിക നേതൃത്വം ഇവരുമായി തുടരെ ബന്ധപ്പെട്ടതായി ഫോണ്‍രേഖകള്‍ സൂചിപ്പിക്കുന്നു.
ക്വട്ടേഷന്‍ കൊടുത്ത സിപിഎം നേതാക്കള്‍, ആക്രമണം നടത്താന്‍ ഷുഹൈബിനെ ചൂണ്ടിക്കാണിച്ചു കൊടുത്തയാള്‍, മുടക്കോഴി മലയില്‍ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ എന്നിവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു.
എടയന്നൂര്‍ ഹയര്‍ സെക്കന്റി സ്‌കൂളില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് എടയന്നൂരിലെ കോണ്‍ഗ്രസ് ഓഫീസ് സിഐടിയു പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഘം മടങ്ങുമ്പോള്‍ ഷുഹൈബിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ തടയുകയും സിഐടിയുക്കാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ മാനക്കേടിന്റെ പ്രതികാരമായാണ് ഷുഹൈബിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് പൊലീസ് കരുതുന്നത്.