ഷുഹൈബ് വധം സിപിഎം അന്വേഷിക്കുന്നു ; ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2018 02:13 PM |
Last Updated: 21st February 2018 02:18 PM | A+A A- |

കണ്ണൂര്‍ : ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഷുഹൈബ് വധത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടി അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നും ജയരാജന്‍ വ്യക്തമാക്കി. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന സമാധാനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍.
ഷുഹൈബിനെ കൊന്നത് തടവുപുള്ളികളാണെന്ന് പറയുന്നവര്‍ തെളിവ് നല്‍കണം. ടിപി കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങി പരോളിലിറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന കോണ്‍ഗ്രസിന്റെ ആരോപണം ജയരാജന്‍ തള്ളി.
കണ്ണൂര്‍ ജില്ലാ കളക്ടറേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന സമര നാടകം തുടരാന്‍ വേണ്ടിയാണ് സമാധാന യോഗം ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് നാടകം കളിച്ചതെന്ന് പി ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റേത് അങ്ങേയറ്റം പരിഹാസ്യമായ നടപടിയാണ്. ഇതിന് കൂട്ടുനില്‍ക്കാന്‍ മുസ്ലിംലീഗും തയ്യാറായി എന്നത് അങ്ങേയറ്റം ഖേദകരമാണെന്നും പി ജയരാജന്‍ പറഞ്ഞു.