'അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു'; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആകാശിന്റെ മൊഴി

ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്നും നേതൃത്വം ഉറപ്പുനല്‍കി 
'അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു'; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആകാശിന്റെ മൊഴി

കണ്ണൂര്‍ : സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഷുഹൈബ് കൊലക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയത്. ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, പാര്‍ട്ടി സഹായിക്കുമെന്നും നേതൃത്വം ഉറപ്പുനല്‍കി. ഡമ്മി പ്രതികളെ
ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും ആകാശ് മൊഴി നല്‍കി. 


അടിച്ചാല്‍ പോരേ എന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു. ആക്രമിച്ചതിന് പിന്നാലെ താനും റിബിനും നാട്ടിലേക്ക് പോയി. കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് ആയുധം കൊണ്ടുപോയത്. ഇത് എവിടെയാണെന്ന് അറിയില്ല. ഷുഹൈബിന്റെ മരണം ഉറപ്പായപ്പോഴാണ് താന്‍ ഒളിവില്‍ പോയതെന്നും ആകാശ് പൊലീസില്‍ മൊഴി നല്‍കി. 

ഡമ്മി പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്ന് നേതൃത്വം അറിയിച്ചു. ഭരണം ഉള്ളതിനാല്‍ അന്വേഷണത്തെ ഒരുതരത്തിലും പേടിക്കേണ്ടെന്നും നേതൃത്വം ഉറപ്പുനല്‍കിയിരുന്നതായും ആകാശിന്റെ മൊഴിയിലുണ്ട്. 

ഷുഹൈബ് വധം സിപിഎം അന്വേഷിച്ചുവരികയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞിട്ടില്ല. കൃത്യത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുകയാണ്. അന്വേഷണത്തിന് ശേഷം പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ സമാധാനയോഗശേഷം പറഞ്ഞിരുന്നു. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com