'കുറ്റങ്ങളും കുറവുകളും ദൗര്‍ബല്യങ്ങളും പരിഹരിച്ചവരെല്ലാം ഉന്നതങ്ങളിലെത്തി' ; വിഭാഗീയതയുടെ ഭാഗമായതില്‍ ദുഃഖമെന്ന് ടി ശശിധരന്‍

തന്നെപ്പോലെ പാര്‍ട്ടി നടപടിക്ക് വിധേയമായവരുടെയെല്ലാം കുറവുകളും ദൗര്‍ബല്യങ്ങളും വിഭാഗീയ ഉറവുകളുമെല്ലാം പരിഹരിച്ചു എന്ന് സിപിഎമ്മിന്റെ നേതൃത്വത്തിന് ഉറപ്പായിക്കാണുമെന്ന് ശശിധരന്‍
'കുറ്റങ്ങളും കുറവുകളും ദൗര്‍ബല്യങ്ങളും പരിഹരിച്ചവരെല്ലാം ഉന്നതങ്ങളിലെത്തി' ; വിഭാഗീയതയുടെ ഭാഗമായതില്‍ ദുഃഖമെന്ന് ടി ശശിധരന്‍

തൃശൂര്‍ : സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചെന്ന് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി ശശിധരന്‍. വിഭാഗീയത പ്രത്യയശാസ്ത്രപരമല്ല, വ്യക്തി അധിഷ്ഠിതമാണ്. വിഭാഗീയതയുടെ ഭാഗമായി ചിലര്‍ നേതാക്കളായി എന്നതൊഴിച്ചാല്‍ വലിയ നഷ്ടമാണ് പാര്‍ട്ടിക്കുണ്ടായത്. വിഭാഗീയതയുടെ ഭാഗമായതില്‍ ദുഃഖമുണ്ടെന്നും, ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ കരുത്തനായ നേതാവായിരുന്ന ടി. ശശിധരന്‍ പറഞ്ഞു. 

തെറ്റ് തിരുത്തിയെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെടാത്തതു കൊണ്ടാകാം താനിപ്പോഴും മാള ഏരിയ കമ്മിറ്റി അംഗമായി തുടരേണ്ടി വരുന്നത്. എന്റെ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ചുകഴിഞ്ഞു എന്ന് സിപിഎമ്മിന്റെ നേതൃത്വത്തിന് തോന്നിയിട്ടുണ്ടാകില്ല. തന്നെപ്പോലെ പാര്‍ട്ടി നടപടിക്ക് വിധേയമായവരെല്ലാം പല ഉയര്‍ന്ന തലങ്ങളിലെത്തുകയും മന്ത്രിമാരാകുകയും സംസ്ഥാന നേതാക്കന്മാരാകുകയും ചെയ്തു. അവരുടെയെല്ലാം കുറവുകളും ദൗര്‍ബല്യങ്ങളും വിഭാഗീയ ഉറവുകളുമെല്ലാം പരിഹരിച്ചു എന്ന് സിപിഎമ്മിന്റെ നേതൃത്വത്തിന് ഉറപ്പായിക്കാണുമെന്നും ശശിധരന്‍ അഭിപ്രായപ്പെട്ടു. 

വിഎസ് അച്യുതാനന്ദനോടുള്ള ബഹുമാനം അന്നും ഇന്നുമുണ്ട്. ഒരു മുതിര്‍ന്ന നേതാവിനോടുള്ള ബഹുമാനം, അത് എല്ലാ കമ്യൂണിസ്റ്റുകള്‍ക്കുമുള്ളതല്ലേ എന്നും ശശിധരന്‍ ചോദിച്ചു. പാര്‍ട്ടി വിടാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല. എത്ര അവഗണിച്ചാലും അച്ചടക്കമുള്ള പാര്‍ട്ടി മെമ്പറായി തുടരും. തീപ്പൊരി പ്രാസംഗികനായ ശശിധരന് സിപിഎം നേതൃത്വം പാര്‍ട്ടി വേദികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ടി ശശിധരനെ, വിഭാഗീയതയുടെ പേരുപറഞ്ഞ് പിണറായി പക്ഷം തരംതാഴ്ത്തുകയായിരുന്നു. മാള ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ഇത്തവണ ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നെങ്കിലും അവസാനനിമിഷം അത് അട്ടിമറിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ശശിധരനെ പിണറായി പക്ഷം പരിഗണിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com