ചന്ദ്രശേഖരൻ ഉടക്കി ; ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ മാറ്റിയ തീരുമാനം പിന്‍വലിച്ചു

ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയത് ചീഫ് സെക്രട്ടറിക്ക് പറ്റിയ വീഴ്ചയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം
ചന്ദ്രശേഖരൻ ഉടക്കി ; ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ മാറ്റിയ തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം : താൻ അറിയാതെ ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയ നടപടിയിൽ മന്ത്രി ഇ ചന്ദ്രശേഖരൻ, മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത അതൃപ്തി അറിയിച്ചു. മന്ത്രി ചന്ദ്രശേഖരൻ പങ്കെടുക്കാതിരുന്ന കഴിഞ്ഞ മന്ത്രിസഭായോ​ഗമാണ് ലാൻഡ് ബോർഡ് സെക്രട്ടറി സി എ ലതയെ മാറ്റാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയാണ് ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റുന്ന കാര്യം യോ​ഗത്തിൽ പരാമർശിച്ചത്. ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം മന്ത്രിസഭായോ​ഗം അം​ഗീകരിക്കുകയായിരുന്നു. 

ലാൻഡ് ബോർഡ് സെക്രട്ടറിയായ സി എ ലതയെ മാറ്റി കെഎൻ സതീഷിനെ നിയമിക്കുകയായിരുന്നു. റവന്യൂമന്ത്രി പിന്നീടാണ് ഇക്കാര്യം അറിയുന്നത്. തുടർന്ന് ഭൂമി പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രധാനപ്പട്ട ജോലി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥയെ അകാരണമായി മാറ്റിയതിലുള്ള അതൃപ്തി മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു. എന്നാൽ ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയത് ചീഫ് സെക്രട്ടറിക്ക് പറ്റിയ വീഴ്ചയാണെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. തുടര്‍ന്ന് സി.എ.ലതയെ മാറ്റാനുള്ള തീരുമാനം സർക്കാർ പിൻവലിക്കുകയും ചെയ്തു. 

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥയെ വകുപ്പ് മന്ത്രി അറിയാതെ മാറ്റിയതിൽ സിപിഐയും മുന്നണി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. മിച്ചഭൂമി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സി.എ ലത മികവുകാട്ടിയിരുന്നു. കൂടാതെ ഭൂപരിഷ്ക്കരണവും അനുബന്ധ പ്രശ്നങ്ങളും മിച്ചഭൂമിയുടെ  വിതരണം, കൈയ്യേറ്റം തുടങ്ങിയ സങ്കീര്‍ണ്ണമായ കാര്യങ്ങളും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ ചുമതലയാണ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതലയും ലാൻഡ് ബോർഡ് സെക്രട്ടറിക്കാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സി എ.ലതയെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സ്ഥാനത്ത് നിലനിർത്താന്‍ തീരുമാനിച്ചത്. 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനവും മാറ്റവും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി നടപ്പാക്കുന്നത്. നേരത്തെ  റവന്യൂവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ വ്യക്തിപരമായ ആവശ്യത്തിന് അവധിയില്‍ പ്രവേശിച്ചപ്പോൾ, പകരം ചുമതല ടോം ജോസിന് നല്‍കിയിരുന്നു. റവന്യൂ മന്ത്രിയെ അറിയിക്കാതെയാണ് ടോം ജോസിനെ റവന്യൂ സെക്രട്ടറിയുടെ അധിക ചുമതല നൽകിയത്. ഇതിലും മന്ത്രി ഇ ചന്ദ്രശേഖരന്‍ ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിരുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com