ജനപ്രതിനിധികളെ വിളിക്കാത്ത സമാധാനയോഗത്തില്‍ കെ കെ രാഗേഷ് എംപി എത്തി; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

കണ്ണൂര്‍ സമാധാനയോഗത്തിനിടെ കോണ്‍ഗ്രസും - സിപിഎമ്മും തമ്മില്‍ വാക്കുതര്‍ക്കം.
ജനപ്രതിനിധികളെ വിളിക്കാത്ത സമാധാനയോഗത്തില്‍ കെ കെ രാഗേഷ് എംപി എത്തി; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സമാധാനയോഗത്തിനിടെ കോണ്‍ഗ്രസും - സിപിഎമ്മും തമ്മില്‍ വാക്കുതര്‍ക്കം. സമാധാന യോഗത്തിലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മാന്യത പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ കെ കെ രാഗേഷ് എംപി പങ്കെടുത്തതിനെ സതീശന്‍ പാച്ചേനി ചോദ്യം ചെയ്താണ് ബഹളത്തിനിടയാക്കിയത്. ഇതേചൊല്ലി പാച്ചേനിയും പി ജയരാജനും തമ്മില്‍ വാക്കേറ്റമുണ്ടായി. കെ കെ രാഗേഷിനെ വേദിയിലിരുത്തിയാല്‍ തങ്ങളെയും ഇരുത്തണമെന്ന് യുഡിഎഫ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.  ജനപ്രതിനിധികളുടെയല്ല രാഷ്ട്രീയപാര്‍ട്ടികളുടെ യോഗമാണ് വിളിച്ചതെന്ന് യോഗത്തിന്റെ അധ്യക്ഷനായ നിയമമന്ത്രി എ കെ ബാലന്‍ വിശദീകരിച്ചു. അതേസമയം നിയമമന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.

എംഎല്‍എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, കെ എന്‍ ഷാജി തുടങ്ങിയവര്‍ രാഗേഷ് ഡയസിലിരിക്കുകയാണെങ്കില്‍ തങ്ങളെയും ഇരുത്തണമെന്ന് ആവശ്യപ്പെട്ടു.  രാഗേഷിന് ഇരിക്കാമെങ്കില്‍ തങ്ങള്‍ക്ക് എന്താണ് അയിത്തമെന്ന് കെ സി ജോസഫ് ചോദിച്ചു.  രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗമാണ് ഇപ്പോള്‍ വിളിച്ചതെന്നും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികളുടെ യോഗം പിന്നിട് വിളിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. 

നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ ഏത് ഏജന്‍സിയെ കൊണ്ട്് വേണമെങ്കിലും അന്വേഷിപ്പിക്കാമെന്ന്  സമാധാനയോഗത്തിന് മുന്നോടിയായി നിയമമന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു . എല്ലാ പ്രതികളെയും ഉടന്‍ തന്നെ പിടികൂടും. കണ്ണൂരില്‍ ശാശ്വാത സമാധാനം കൊണ്ടുവരുമെന്നുംഎ കെ ബാലന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com