മന്ത്രിമാരടക്കം പ്രമുഖര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണം ; എസ്പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം

കേസുകളുടെ നമ്പറിട്ട റിപ്പോര്‍ട്ടല്ല, എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര റിപ്പോര്‍ട്ട് നല്‍കാനാണ് അസ്താനയുടെ നിര്‍ദേശം
മന്ത്രിമാരടക്കം പ്രമുഖര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണം ; എസ്പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം : മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ എല്ലാ വിജിലന്‍സ് കേസുകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍മ്മല്‍ ചന്ദ്ര അസ്താനയുടെ നിര്‍ദേശം. എല്ലാ യൂണിറ്റ് എസ്പിമാര്‍ക്കുമാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവ് നല്‍കിയത്. കേസുകളുടെ നമ്പറിട്ട റിപ്പോര്‍ട്ടല്ല വേണ്ടതെന്ന് അസ്താന എസ്പിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 

കേസുകള്‍ സംബന്ധിച്ച് വെറും റിപ്പോര്‍ട്ട് വേണ്ട. മറിച്ച് കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ, അന്വേഷണത്തിലെ കണ്ടെത്തലുകള്‍, തുടങ്ങി എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര റിപ്പോര്‍ട്ട് നല്‍കാനാണ് അസ്താനയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായിരിക്കേ, വെള്ളപൂശിയെന്ന് ആരോപണമുയര്‍ന്ന കേസുകളുടെ ഫയലും അസ്താന ആവശ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 

ഖജനാവിന് ഒരു കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ കേസുകളും മരാമത്ത് എഞ്ചിനീയര്‍മാര്‍ അടക്കം ഉദ്യോഗസ്ഥപ്രമുഖര്‍ ഉള്‍പ്പെട്ട ഇരുന്നൂറോളം കേസുകള്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കും. സോളാര്‍, ബാര്‍കോഴ, പാറ്റൂര്‍, ക്വാറി, മോട്ടോര്‍ വാഹന വകുപ്പ് നിയമനം, മുന്‍മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെകെ ശൈലജ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസുകളും അസ്താന വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com