വിവാദങ്ങള്‍ക്കിടയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

ഷുഹൈബ് വധമുള്‍പ്പെടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവങ്ങള്‍ കത്തിനില്‍ക്കേ സിപിഎം  22മത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ പതാക ഉയരും.
വിവാദങ്ങള്‍ക്കിടയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

തൃശൂര്‍: ഷുഹൈബ് വധമുള്‍പ്പെടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവങ്ങള്‍ കത്തിനില്‍ക്കേ സിപിഎം  22മത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ പതാക ഉയരും. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനം എത്തുന്നത്.  

എതിരാളികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച കേരളത്തിലെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ദീപശിഖ സമ്മേളനനഗറില്‍ ജ്വലിക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനം വികാരനിര്‍ഭരമാവും.

കയ്യൂരില്‍നിന്നുള്ള പതാകയും വയലാറില്‍നിന്നുള്ള കൊടിമരവും ബുധനാഴ്ച സമ്മേളന നഗരിയില്‍ എത്തും. പൊതുസമ്മേളനം നടക്കുന്ന കെ കെ മാമക്കുട്ടി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ പതാക ഉയര്‍ത്തും. പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ദീപശിഖ തെളിക്കും.

പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍(റീജണല്‍ തിയറ്റര്‍) ആരംഭിക്കും. മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും. 25വരെ പ്രതിനിധി സമ്മേളനം തുടരും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എകെ പത്മനാഭന്‍, എംഎ ബേബി എന്നിവര്‍ പങ്കെടുക്കും.

25ന് ഉച്ചകഴിഞ്ഞ് കാല്‍ലക്ഷം റെഡ്‌വോളണ്ടിയര്‍മാരുടെ മാര്‍ച്ചും തുടര്‍ന്ന് രണ്ടുലക്ഷം പേര്‍ അണിനിരക്കുന്ന പൊതുസമ്മേളനവും നടക്കും. 475 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാനകമ്മിറ്റിയിലെ നാല് ക്ഷണിതാക്കളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുള്ളതിനാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പി.കെ ഗുരുദാസനും ടി.കെ ഹംസയുമടക്കം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറി ക്ഷണിതാക്കളായേക്കും. 
കെ.പി.സഹദേവന്‍, കെ.കുഞ്ഞിരാമന്‍, പി.എ.മുഹമ്മദ്, കെ.എം.സുധാകരന്‍ എന്നിവരും ഒഴിവാകാനിടയുള്ളവരാണ്. 

സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായ വി.എസ്.അച്യുതാനന്ദനെ ആ പദവിയില്‍ നിലനിര്‍ത്തുമെന്നാണു സൂചന. മറിച്ചാണെങ്കില്‍ ഒഴിവാകാനുള്ള താത്പര്യം വിഎസ് പ്രകടിപ്പിക്കണം. 87 അംഗ കമ്മിറ്റിയെയാണു കഴിഞ്ഞതവണ തിരഞ്ഞെടുത്തത്. കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് 80 അംഗ കമ്മിറ്റിയാണ്. ഴിഞ്ഞതവണയും ഈ നിഷ്‌കര്‍ഷയുണ്ടായിരുന്നുവെങ്കിലും വിപുലപ്പെടുത്താന്‍ നല്‍കിയ അനുമതി തുടരുമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com