സാധാരണ ജീവിതം നയിക്കുന്നയാള്‍ക്കെങ്ങനെ 28 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ സാധിക്കും?; ബിജെപിയില്‍ പുതിയ വിവാദം

വിഭാഗിയത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എറണാകുളം ജില്ലയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ആഡംബര കാര്‍ വിവാദം.
സാധാരണ ജീവിതം നയിക്കുന്നയാള്‍ക്കെങ്ങനെ 28 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ സാധിക്കും?; ബിജെപിയില്‍ പുതിയ വിവാദം

കൊച്ചി: വിഭാഗിയത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എറണാകുളം ജില്ലയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ആഡംബര കാര്‍ വിവാദം. ജില്ലാ ഭാരവാഹികളും മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും ഒരുവര്‍ഷത്തിനിടെ ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്വന്തമാക്കി എന്നാണ് ആരോപണം. 

നേതാക്കളുടെ അനധികൃത പണപ്പിരിവിനെപ്പറ്റിയും അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി പേയിക്കഴിഞ്ഞു. 

മണ്ഡലങ്ങളുടെ ചുമതലക്കാരായ 14 നേതാക്കളില്‍ പലരും ഒരുവര്‍ഷത്തിനിടെയാണ് പുതിയ വാഹനങ്ങള്‍ വാങ്ങിയത്. പെട്രോള്‍ പമ്പ് ലൈസന്‍സ് നേടിയവരുമുണ്ട്. സാധാരണ ജീവിതം നയിക്കുന്ന ഒരു ജില്ലാ നേതാവ് എങ്ങനെ 28 ലക്ഷത്തിനടുത്ത് വിലയുള്ള കാര്‍ വാങ്ങും എന്ന് നേരത്തെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിലര്‍ ബന്ധുക്കളുടെ പേരിലും ചിലര്‍ സ്വന്തം പേരിലുമാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വികാസ് യാത്രയില്‍ നേതാവ് ഈ കാറുമായി സഞ്ചരിച്ചതും വിവാദമായിരുന്നു. 
താഴേത്തട്ടില്‍ പ്രവര്‍ത്തനത്തിന് പണമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് നേതാക്കളുടെ ആര്‍ഭാട ജീവിതമെന്നാണ് ആരോപണം. പാര്‍ട്ടി പ്രവര്‍ത്തനത്തിന് എത്തുന്ന തുക താഴേത്തട്ടില്‍ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. 

കേന്ദ്രഭരണത്തിന്റെ പേരു പറഞ്ഞും സമരഭീഷണി മുഴക്കിയുമാണ് അനധികൃത പണപ്പിരിവ് നടത്തുന്നത് എന്നാണ് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്. 

നിലം നികത്തല്‍,പാടം നികത്തല്‍, ക്വാറി എന്നിവയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. 
പാര്‍ട്ടി ആസ്ഥാന മന്തിര നിര്‍മ്മാണ ഫണ്ട് പിരിക്കാന്‍ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ നേതാക്കള്‍ അല്ലാതെ മറ്റ് നേതാക്കളും ഫണ്ട് ആവശ്യപ്പെട്ട് എത്തിയെന്ന് വ്യാപാരികള്‍ നേതൃത്വത്തിനെ അറിയിച്ചിരുന്നു. 

നേതാക്കള്‍ക്ക് ചേരാത്ത തരത്തില്‍ പ്രവര്‍ത്തനം നടത്തി പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്  ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com