മൗനമോഹന്‍ സിങ് പോയി, മൗനേന്ദ്ര മോദി വന്നു: പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2018 11:40 AM |
Last Updated: 22nd February 2018 11:40 AM | A+A A- |

തൃശൂര്‍: മൗന്‍മോഹന്‍ സിങ്ങിനു പിന്നാലെ മൗനേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ എത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് യെച്ചൂരി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.
ചങ്ങാത്ത മുതലാളിത്തം അതിശക്തമായി ഭരണത്തില്‍ പിടിമുറുക്കുമ്പോള്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. നീരവ് മോദി തട്ടിപ്പില്‍ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മൗനം അവലംബിക്കുകയാണ് പ്രധാനമന്ത്രി. നേരത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് മൗന്‍മോഹന്‍ സിങ് എന്ന ആക്ഷേപത്തിന് ഇരയായ ആളാണ്. മന്‍മോഹനു പിന്നാലെ ഭരണത്തിലെത്തിയ മോദിയും മൗനം തുടരുകയാണ്. ഇദ്ദേഹത്തെ മൗനേന്ദ്ര മോദിയെന്നു വിശേഷിപ്പിക്കേണ്ടി വരുമെന്ന് യെച്ചൂരി പറഞ്ഞു.
നാലു വിധത്തിലുള്ള വെല്ലുവിളികളിലൂടെ രാജ്യം കടന്നുപോവുന്ന പശ്ചാത്തലത്തിലാണ് ഈ സമ്മേളനം. വര്‍ധിത ശക്തിയോടെയുള്ള സാമ്പത്തിക ഉദാരവത്കരണം തന്നെയാണ് അതില്‍ ഒന്നാമത്തേത്. സമൂഹത്തെ അതിവേഗം വര്‍ഗീയമായി വിഭജിക്കുന്നു എന്നതാണ് രണ്ടാമത്തേത്. ഭരണകൂടത്തിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തുന്നു എന്നതാണ് അടുത്തത്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ജൂനിയര്‍ പങ്കാളിയായി രാജ്യത്തെ മാറ്റി സാമ്രാജ്യത്തിനു കീഴടങ്ങള്‍ നയം സര്‍ക്കാര്‍ നടപ്പാക്കുന്നു എന്നതാണ് നാലാമത്തേത്. ഈ വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടി കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് യെച്ചൂരി പറഞ്ഞു.
ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കോ പാര്‍ട്ടികള്‍ക്കോ മനസിലാവാത്ത ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിമുള്ള പാര്‍ട്ടിയാണ് സിപിഎം. അത്തരത്തിലുള്ള ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലൂടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയാറാക്കിയത്. സമ്മേളന പ്രതിനിധികള്‍ക്ക് അതില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാം. നിര്‍ദേശങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് അതിന് അന്തിമ രൂപം നല്‍കുന്നത്- യെച്ചൂരി ചൂണ്ടിക്കാട്ടി.