ലോറിയുടെ മുകളില്‍ വച്ച ഇരുമ്പു പൈപ്പുകള്‍ ഒഴുകിയിറങ്ങി മുന്നില്‍ പോയ കാറിലേക്ക് തുളച്ചുകയറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2018 10:00 AM |
Last Updated: 22nd February 2018 10:00 AM | A+A A- |

കൊച്ചി: മിനി ലോറിയുടെ മുകളില്‍ അട്ടിയിട്ടു വച്ചിരുന്ന ഇരുമ്പു പൈപ്പുകള്‍ ഓട്ടത്തിനിടെ കെട്ടഴിഞ്ഞ് മുന്നല്‍ പോയ കാറിലേക്കു തുളച്ചു കയറി. കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
ദേശീയപാത പതിനേഴില്‍ പറവൂര്‍-വരാപ്പുഴ റോഡിലാണ് സംഭവം. കല്ലറയ്ക്കല്‍ ക്ഷേത്രത്തിനടുത്ത് കലുങ്കിനു സമീപം വച്ചാണ് ലോറിക്കു മുകളില്‍ കെട്ടി വച്ചിരുന്ന ഇരുമ്പു പൈപ്പുകള്‍ മുന്നിലേക്ക് ഒഴുകിയിറങ്ങി കാറില്‍ തുളച്ചു കയറിയത്. വരാപ്പുഴ ഭാഗത്തുനിന്ന് പറവൂര്‍ ഭാഗത്തേക്കു വരികയായിരുന്നു ഇരു വാഹനങ്ങളും.
മിനിലോറിയില്‍ കയറ്റാനാവുന്നതിലും അധികം ഇരുമ്പു പൈപ്പുകള്‍ കയറ്റിയതാണ് അപകടമുണ്ടാക്കിയത്. പൈപ്പുകള്‍ ലോറിയുടെ മുകളില്‍ അട്ടിയിട്ടു വച്ച് വേണ്ടത്ര ഉറപ്പില്ലാതെ കെട്ടുകയായിരുന്നു. ഈ കെട്ട് അഴിഞ്ഞതാണ് അപകടത്തിനിടയാക്കിയത്.
കെട്ടഴിഞ്ഞ പൈപ്പുകള്‍ മുന്നിലെ കാറിന്റെ ചില്ലു തകര്‍ത്ത് ഉള്ളിലേക്ക് തുളഞ്ഞുകയറി. കുറെ പൈപ്പുകള്‍ റോഡില്‍ വശങ്ങളിലേക്കും വീണു.
കാറിന്റെ മുന്‍ സീറ്റില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെ ചില്ലു തകര്‍ത്ത് പീന്‍സീറ്റിലേക്ക് ഇരുമ്പു പൈപ്പുകള്‍ നീണ്ടുവന്നതോടെ ഭയന്ന ഇവര്‍ വേഗം വണ്ടി നിര്‍ത്തി. കുനിഞ്ഞതിനാലാണ് പൈപ്പുകള്‍ തലയില്‍ ഇടിക്കാതിരുന്നതെന്ന് ഇവര്‍ പറയുന്നു.
അശ്രദ്ധമായി ഇരുമ്പു സാമഗ്രികള്‍ കയറ്റി അപകടകരമായ വിധത്തില്‍ വണ്ടിയോടിച്ചതിന് ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.