സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക്R | Published: 22nd February 2018 03:02 PM |
Last Updated: 22nd February 2018 03:02 PM | A+A A- |
കൊച്ചി: അങ്കമാലി അതിരൂപതാ ഭുമിയിടപാടില്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. കേസെടുക്കേണ്ടന്ന കീഴ്‌ക്കോടതി വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഈ ഘട്ടത്തില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി
സിറോ മലബാര്‍ സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്നും ഈ സ്വത്ത് കൈമാറാന്‍ തനിക്ക് അവകാശമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.സഭ ട്രസ്റ്റല്ലെന്ന് കര്‍ദ്ദിനാള്‍ കോടിതിയില്‍ ചൂണ്ടിക്കാട്ടി. സഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി കര്‍ദ്ദിനാള്‍ വിശദീകരിച്ചിരുന്നു.
ഇടപാട് സംബന്ധിച്ച അന്വേഷണം പൊലീസിന് വിടണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ഭൂമിയിടപാടിനെക്കുറിച്ച് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം കോടതിയില്‍(മരട്) നിലവിലുള്ള അന്യായത്തിലെ അന്വേഷണം പോലീസിന് കൈമാറാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പോലീസ് അന്വേഷിച്ച് അഴിമതിയുണ്ടെങ്കില്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. ഭൂമിയുള്‍പ്പെടെ സ്വത്തുക്കള്‍ കത്തോലിക്കാസഭയിലെ ഓരോ അംഗത്തിനും അവകാശമുള്ളതാണ്. അതിരൂപത അതിന്റെ ട്രസ്റ്റി മാത്രമാണ്. അതിരൂപതാ അധികാരികളുടെ നടപടികള്‍ സുതാര്യമാകണം. ശരിയായ അന്വേഷണമില്ലാതെ ഒതുക്കിത്തീര്‍ക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശം നല്‍കുമെന്നും ഹര്‍ജിയില്‍ പറയുന്നു.