ആള്‍ക്കൂട്ട കൊലപാതകം: മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും; നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് എ.കെ ബാലന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2018 02:23 PM |
Last Updated: 23rd February 2018 02:23 PM | A+A A- |

തൃശൂര്‍: അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും. പട്ടികജാതി,പട്ടികവര്‍ഗ മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണ്ണാര്‍ക്കാട് മജിസ്രേറ്റിനാണ് അന്വേഷണ ചുമതല.
മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായി ഉള്‍പ്പെടെ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഉബൈദ് എംഎല്‍എയുടെ സഹായിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുക്കാലിയിലെ കടയുടമ ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പതിനഞ്ചംഗ സംഘമാണ് മധുവിനെ ആക്രമിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തൃശൂര്‍ റേഞ്ച് ഐജിക്കാണ് അന്വേഷണത്തിന്റെ ചുമതല.
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആള്‍ക്കൂട്ട വിചാരണയില്‍ പൊലീസ് നോക്കുകുത്തിയായി നിന്നത് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്.