ഇനി ഈ ക്രൂരത ആവര്‍ത്തിക്കില്ലെന്ന ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ? മുഖ്യമന്ത്രിയോട് ഷുഹൈബിന്റെ സഹോദരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2018 07:56 AM |
Last Updated: 23rd February 2018 07:56 AM | A+A A- |
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ സഹോദരി സുമയ്യയുടെ കത്ത്. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നു എന്ന് കത്തില്‍ സുമയ്യ ചോദിക്കുന്നു.
കണ്ണൂരില്‍ ഇനിയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവരുത് എന്ന അപേക്ഷയാണ് ഇരുപത്തിമൂന്നുകാരിയായ സുമയ്യ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ മുന്നോട്ടു വയ്ക്കുന്നത്. കത്ത് തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചു.
ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളെ പോലെ ഒരുപാട് കുടുംബങ്ങള്‍ക്ക് വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ എന്നും സുമയ്യ കത്തിലൂടെ ചോദിക്കുന്നു.
കത്തിന്റെ ഉള്ളടക്കം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?
ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?
എന്ന് സുമയ്യ.