ഉബൈദ് സെല്‍ഫിയെടുത്തതേയുള്ളു; മധുവിനെ ആക്രമിച്ചിട്ടില്ല: എന്‍.ഷംസുദീന്‍ എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2018 05:35 PM |
Last Updated: 23rd February 2018 07:35 PM | A+A A- |

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദീന്‍. ആള്‍ക്കൂട്ടം മധുവിനെ ആക്രമിക്കുന്ന സമയത്ത് സെല്‍ഫിയെടുത്ത ഉബൈദ് എംഎല്‍എയുടെ സന്തത സഹചാരിയാണ് എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. ഉബൈദ് മധുവിനെ ആക്രമിച്ചിട്ടില്ലെന്നും സെല്‍ഫി എടുക്കുക മാത്രമാണ് ചെയ്തിട്ടിള്ളുതെന്നും ഷംസുദീന്‍ പറഞ്ഞു. ഉബൈദുമായി തനിക്ക് വലിയ ബന്ധമൊന്നും ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും ഷംസുദീന്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ചു തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണ്. രണ്ടു കൊല്ലം മുന്‍പു എടുത്ത ഫോട്ടോയാണിത്. പ്രചാരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ല. സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂ. പ്രദേശത്തെ ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ് ഇക്കാര്യം രാവിലെ വിളിച്ചുപറഞ്ഞത്. ഉബൈദ് കാട്ടിലേക്കു പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂവെന്നും യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനാണു അറിയിച്ചത്, ഷംസുദീന്‍ പറഞ്ഞു.
ഉബൈദ് ആദിവാസി യുവാവിനെ കാട്ടില്‍ പോയി പിടിക്കാന്‍ ഉണ്ടായിരുന്നില്ല. അയാള്‍ സെല്‍ഫിയെടുത്തു സംഭവം പരസ്യമാക്കുക മാത്രമാണു ചെയ്തത്. താനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നമ്മള്‍ അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്കു പോകും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സംഭവം അപലപനീയമാണ്. പ്രതികള്‍ക്കെല്ലാം ന്യായമായ ശിക്ഷ നല്‍കണം, ഷംസുദീന്‍ വ്യക്തമാക്കി.