"കൊന്നിട്ടെന്ത് നേടി ?" സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2018 01:36 PM |
Last Updated: 23rd February 2018 01:36 PM | A+A A- |

തൃശൂര്‍ : സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് പ്രതിനിധികള്‍ രംഗത്തെത്തി. കൊല്ലത്തുനിന്നുള്ള പി കെ ഗോപനാണ് കൊലപാതകങ്ങളെ വിമര്‍ശിച്ചത്. രാഷ്ട്രീയ കൊലപാതകം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ഗോപന്‍ ചോദിച്ചു. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് കൃഷ്ണനോട് ചോദിച്ച പോലെയെന്ന ആമുഖത്തോടെയാണ് ഗോപന്‍ വിമര്‍ശനം ഉന്നയിച്ചത്. കണ്ണൂരിലെ നേതൃത്വം ഇനിയെങ്കിലും ഇക്കാര്യം ആലോചിക്കണമെന്നും ഗോപന്‍ ആവശ്യപ്പെട്ടു. ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് വിമര്‍ശനം.
ജീവിതശൈലി സംബന്ധിച്ച പ്ലീനം രേഖ പാര്‍ട്ടിയിലെ പാവപ്പെട്ട സഖാക്കള്‍ക്ക് മാത്രമാണോ ബാധകമെന്നും പൊതുചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നു. കാസര്‍കോട്ടു നിന്നുള്ള പ്രതിനിധി പിപി മുസ്തഫയാണ് ഈ ചോദ്യം ഉന്നയിച്ചത്. ചില നേതാക്കളുടെ ജീവിത രീതി പ്ലീനം രേഖകള്‍ക്ക് വിരുദ്ധമായാണ്. എല്ലാ നേതാക്കള്‍ക്കും ജീവിതശൈലി സംബന്ധിച്ച പ്ലീനം രേഖ ബാധകമാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരോക്ഷവിമര്‍ശനമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ വിമര്‍ശനം. ഇതേസമയം പാര്‍ട്ടിയില്‍ നിന്നും പാവങ്ങല്‍ അകന്നുകൊണ്ടിരിക്കുകയാണെന്നും, വളരെ ഗൗരവമേറിയ വിഷയമാണ് ഇതെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.