ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ഇല്ല ; ഹര്‍ജി സുപ്രീംകോടതി തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2018 11:08 AM |
Last Updated: 23rd February 2018 11:17 AM | A+A A- |

ന്യൂഡല്‍ഹി : മുന്‍മന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്ന ഘട്ടമായതിനാല്‍ ഇടപെടുന്നില്ല. സംസ്ഥാന വിജിലന്‍സിന്റെ നിലവിലെ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ആര്‍ ഭാനുമതിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നിലവില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അത് നടക്കട്ടെ. നിലവിലെ സാഹചര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ല. കേസന്വേഷണം പൂര്‍ത്തിയായശേഷം ഹര്‍ജിക്കാര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ ശേഷം നിലവിലുള്ള കേസുകളെല്ലാം അവസാനിപ്പിക്കുകയാണെന്നും, വിജിലന്‍സിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നോബിള്‍ മാത്യുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ നോബിള്‍ മാത്യു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അതും തള്ളിയിരുന്നു.
കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെ എം മാണി പറഞ്ഞു. വളരെ സന്തോഷകരമായ തീരുമാനം. ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് കോടതിക്ക് ബോധ്യമായി. വളരെ ആശ്വാസകരമായ തീരുമാനമാണെന്നും കെ എം മാണി പ്രതികരിച്ചു. ബാര്‍കോഴ ചൂണ്ടിക്കാട്ടി കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ സിപിഐ എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് ആശ്വാസകരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.