വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവാണ് മധുവെന്ന് മഞ്ജു വാര്യര്‍
By സമകാലിക മലയാളം ഡെസ്‌ക്R | Published: 23rd February 2018 09:27 PM |
Last Updated: 23rd February 2018 09:27 PM | A+A A- |

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം വിചാരണ ചെയ്ത ആദിവാസി യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും മരണാനന്തരമെങ്കിലും അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജു പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവന്‍. ഒറ്റ വരിയില്‍ പറഞ്ഞാല്‍ അതായിരുന്നില്ലേ മധു. കാട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ നാട്ടിലേക്കു വന്നു വിശപ്പടക്കാന്‍ വഴി തേടിയ ഒരാള്‍. സ്വന്തം ഊരിലെ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കിയപ്പോള്‍ വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവ്.
മധുവിന് മുന്നില്‍ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, വിശക്കുന്നവര്‍ക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളില്‍ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം. ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.